ലണ്ടന്‍: കോവിഡ് കേസുകള്‍ കുറഞ്ഞതോടെ രാജ്യത്ത് ടൂറിസം വീണ്ടും ആരംഭിക്കാനൊരുങ്ങി ബ്രിട്ടന്‍. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ബ്രിട്ടനിലേക്ക് വിനോദസഞ്ചാരത്തിനായി എത്താം. 

മേയ് 17 മുതലാണ് ബ്രിട്ടനിലെ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുക. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മാത്രമേ ബ്രിട്ടനിലേക്ക് പറക്കാനാകൂ. ഇതില്‍ ഇസ്രായേല്‍, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, സിങ്കപ്പുര്‍ എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ബ്രിട്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സാണ് ഇക്കാര്യമറിയിച്ചത്. എല്ലാ സഞ്ചാരകേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കില്ല. പരീക്ഷണമെന്നോണം വിരലിലെണ്ണാവുന്ന സഞ്ചാര കേന്ദ്രങ്ങള്‍ മാത്രമാണ് ആദ്യം തുറക്കുക.

ബ്രിട്ടനിലേക്ക് പ്രധാനമായി വിനോദസഞ്ചാരത്തിനെത്തുന്ന ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇറ്റലി, അമേരിക്ക, ഗ്രീസ് തുടങ്ങിയ രാജ്യത്തുനിന്നുള്ളവര്‍ക്ക് നിലവില്‍ രാജ്യത്തേക്ക് പ്രവേശനമില്ല. ഗ്രീന്‍ ലിസ്റ്റിലില്ലാത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

Content Highlights: The UK will reopen travel to limited destinations from May 17