തെന്മല : കോവിഡ് ദുരിതത്തില്‍നിന്ന് കരകയറാനാകാതെ കിഴക്കന്‍മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. രണ്ട് വേനലവധി സീസണുകള്‍ ഉള്‍പ്പെടെ നഷ്ടമായതോടെ കോടികളുടെ വരുമാനമാണ് ഇല്ലാതായത്. കനത്തനഷ്ടത്തില്‍നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്കയിലാണ് ബന്ധപ്പെട്ടര്‍. സര്‍ക്കാര്‍തലത്തില്‍ പുതിയ പദ്ധതികളാണ് ആവശ്യം. 2020 ഫെബ്രുവരിമുതലാണ് കോവിഡ് കാരണം വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടായത്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ തെന്മല ഇക്കോടൂറിസത്തില്‍മാത്രം രണ്ടുകോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. സാധാരണ ഒരുവര്‍ഷം ഒന്നേമുക്കാല്‍ കോടിയോളം വരുമാനം ലഭിക്കുകയും രണ്ടുലക്ഷത്തോളം സഞ്ചാരികളെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് കാരണം 2019-20 സാമ്പത്തികവര്‍ഷത്തില്‍ 20 ലക്ഷവും 2020-21 ല്‍ ഒന്നരക്കോടിയോളവും നഷ്ടമുണ്ടായി. എത്തിയ സഞ്ചാരികളുടെ എണ്ണം അയ്യായിരമായി.

എന്നാല്‍ ഇത്തവണ ഏപ്രില്‍ മുതല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച് പലഘട്ടങ്ങളിലായി പതിനായിരത്തോളം സഞ്ചാരികളെത്തുകയും 20 ലക്ഷം വരുമാനം ലഭിക്കുകയും ചെയ്തു.പാലരുവിയിലും ശെന്തുരുണിയിലും സമാനസ്ഥിതിയാണ്. പാലരുവിയില്‍ കോവിഡിനുമുന്‍പ് ഒരുകോടിക്കു മുകളിലായിരുന്നു വാര്‍ഷികവരുമാനം. എന്നാല്‍ 2020-21 സാമ്പത്തികവര്‍ഷത്തിലിത് 20 ലക്ഷത്തില്‍ താഴെയായി. ഇടവിട്ട് ലോക്ഡൗണ്‍ ഉണ്ടായിരുന്നെങ്കിലും മൂന്നുലക്ഷത്തോളം വരുമാനം ലഭിച്ചിട്ടുണ്ട്.

നിലവില്‍ കണ്‍ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ജലപാതം താത്കാലികമായി അടച്ചിട്ടനിലയിലാണ്. സഞ്ചാരികളെ സംബന്ധിച്ച് കോവിഡിനുശേഷമുള്ള പ്രവേശനം വലിയ നഷ്ടമാണുണ്ടാക്കുന്നത്.ജലപാതത്തില്‍ എത്താമെന്നല്ലാതെ കുളിക്കാനുള്ള അനുവാദമില്ലാത്തതാണ് തിരിച്ചടിയാകുന്നത്.

Content  Highlights: the tourism in eastern parts of kerala gets affected