ജോര്‍ജിയ: സമൂഹ മാധ്യമങ്ങളെ ഇളക്കിമറിച്ച എ 68 എന്ന മഞ്ഞുമല ഇനി ഓര്‍മകളില്‍ മാത്രം. അന്റാര്‍ട്ടിക്കയില്‍ നിന്നും വേര്‍പെട്ട് അത്‌ലാന്റിക് സമുദ്രത്തില്‍ നിലനിന്ന ഈ മഞ്ഞുമല ഉരുകി കടലില്‍ ലയിച്ചു.

2017-ലാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും വേര്‍പെട്ട് എ 68 അത്‌ലാന്റിക് സമുദ്രത്തിലെത്തുന്നത്. അന്നുതൊട്ട് സമൂഹമാധ്യമങ്ങളില്‍ ഈ മഞ്ഞുമല വലിയ സ്ഥാനമാണ് കണ്ടെത്തിയത്. 6000 ചതുരശ്ര കിലോമീറ്ററായിരുന്നു ഈ ഭീമന്റെ വലുപ്പം.

ഏകദേശം ഒരു രാജ്യത്തിന്റെ വലുപ്പം തന്നെയുണ്ടായിരുന്നു ഈ മഞ്ഞുമലയ്ക്ക്. ഏതാണ്ട് വെയ്ല്‍സ് രാജ്യത്തിന്റെ അത്ര തന്നെ. അതുകൊണ്ടുതന്നെ ഈ മഞ്ഞുമല കാണാന്‍ മാത്രമായി നിരവധി സാഹസികര്‍ യാത്ര പുറപ്പെട്ടിരുന്നു.

ചൂട് കൂടിയതോടെ മഞ്ഞുമല ഉരുകാന്‍ തുടങ്ങി. പതിയേ ഈ മല സമുദ്രത്തിന്റെ ഭാഗമായി മാറി. അമേരിക്കയുടെ ദേശീയ ഐസ് സെന്ററാണ് മഞ്ഞുമല ഉരുകിയതിന്റെ വാര്‍ത്ത ആദ്യം ലോകത്തിനെ അറിയിച്ചത്.

സൗത്ത് ജോര്‍ജിയയിലുള്ള കടലിലാണ് ഈ ഭീമന്‍ മഞ്ഞുമല സ്ഥിതി ചെയ്തിരുന്നത്. കടലിന്റെ ചൂട് കൂടിയതും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഈ മഞ്ഞുമലയുടെ മരണത്തിന് കാരണമായി. 

Content Highlights: The social media star A68 iceberg is no more