കുങ്കിച്ചിറ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
കാത്തിരിപ്പിനൊടുവില്‍ വയനാട് നിരവില്‍പ്പുഴ കുങ്കിച്ചിറ മ്യൂസിയം യാഥാര്‍ഥ്യമാകുന്നു. കുങ്കിച്ചിറയുടെ തീരത്ത് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിനുള്ളില്‍ ആധുനികസൗകര്യങ്ങളോടുകൂടിയ പ്രദര്‍ശനമ്യൂസിയം സജ്ജമാവുകയാണ്. വരുന്ന മേയ് മാസത്തോടെ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ശ്രമം. മ്യൂസിയംവകുപ്പിനു കീഴിലെ മലബാറിലെ ഏറ്റവും വലിയ കേന്ദ്രമാണിത്.
വയനാടിന്റെ ജൈവവൈവിധ്യങ്ങള്‍ക്കുകൂടി പ്രാധാന്യം നല്‍കുന്ന വിധത്തിലുള്ള ജൈവസാംസ്‌കാരികപൈതൃക മ്യൂസിയമാണ് ഒരുങ്ങുന്നത്. കേരളചരിത്ര പൈതൃകമ്യൂസിയത്തിനാണ് ഇതിന്റെ നിര്‍വഹണച്ചുമതല. മ്യൂസിയം വകുപ്പിനുകീഴില്‍ ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് ഏജന്‍സിയാണ് അഞ്ചുകോടിരൂപ ചെലവില്‍ കെട്ടിടംപണി പൂര്‍ത്തിയാക്കിയത്.
കെട്ടിടത്തിനു മുന്നിലുള്ള ചിറയുടെ സംരക്ഷണപ്രവൃത്തികള്‍ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് ഏറ്റെടുത്തത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുന്‍കൈയെടുത്താണ് കുങ്കിച്ചിറ പൈതൃകമ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
വയനാടിനെ തൊട്ടറിയാം
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജനതയുടെ സംസ്കൃതിയിലൂടെയുള്ള യാത്രയാണ് മ്യൂസിയത്തിൽ സന്നിവേശിപ്പിക്കുക. ഇതിനായി പതിനാറായിരം ചതുരശ്രയടിയുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ തയ്യാറായിരിക്കുന്നത്. 9000 ചതുരശ്രയടി വിസ്തീർണമുള്ള താഴെ നിലയിൽ കാര്യനിർവഹണ വിഭാഗം മുറികളും ഹാളും പ്രദർശന മുറികളുമുണ്ട്. ത്രീഡി തിയേറ്റർ, ഗവേഷണ വിഭാഗം, ഗ്രന്ഥശാല എന്നിവയും ഇവിടെ സജ്ജമാക്കും. മുകളിലത്തെ നിലയിൽ പ്രദർശന കേന്ദ്രങ്ങൾ ഒരുക്കും. ചുവർചിത്രമടക്കം ഗോത്ര ജീവിതത്തിന്റെയും കാർഷിക ചരിത്രത്തെയും അടയാളപ്പെടുത്തുന്നതും ഏറ്റവും ആകർഷകമായതുമായ രീതിയിലായിരിക്കും ഓരോന്നിന്റെയും ക്രമീകരണം. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്റെ കെട്ടിട നിർമാണം. ആകർഷകമായ രീതിയിൽ പൂർണ സൗകര്യത്തോടെ എച്ച്.പി.എലാണ് കെട്ടിട നിർമാണം വളരെ വേഗം പൂർത്തിയാക്കിയത്. ഒമ്പതേക്കറോളം സ്ഥലത്താണ് മ്യൂസിയവും ചിറയുമടക്കമുള്ള കേന്ദ്രമുള്ളത്.
പഴശ്ശിയുടെ നാട്
പഴശ്ശിരാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരേ പടനീക്കങ്ങൾ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. നൂറ്റാണ്ടുകൾക്കുമുമ്പേ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഇംഗ്ലീഷ് സൈന്യം മനസ്സിലാക്കിയിരുന്നു. പഴശ്ശിയുടെ വിപ്ലവങ്ങൾക്ക് പടനീക്കങ്ങൾ നടന്ന പ്രധാന കേന്ദ്രവും ഇതുതന്നെയാണ്. കുങ്കിച്ചിറയുടെ രണ്ട് മലകൾക്ക് അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത 'ഒറ്റുപാറ' ഇന്നും കാടുമൂടി നിൽക്കുന്നു. മലയുടെ മുകളിലുള്ള ഈ പാറയുടെ മുകളിൽ നിന്നുമാണ് പഴശ്ശിയുടെ പടനീക്കങ്ങൾ ഒറ്റുകൊടുക്കപ്പെട്ടത്.
പഴശ്ശിരാജാവിന്റെ ഉറ്റ തോഴനായ തലയ്ക്കൽ ചന്തുവിന്റെ വീട് ഈ ചരിത്രഭൂമിയിലാണ്. ചിറയുടെ വടക്കുഭാഗത്തായി ആറു കിലോമീറ്ററോളം അകലെയാണ് ചന്ദനത്തോട്ടം. ഇവിടെയുള്ള പ്രത്യേകതരം കല്ലുരച്ചാണ് ചന്ദനത്തിനു പകരമായി പഴശ്ശിസൈന്യം ഉപയോഗിച്ചിരുന്നത്. പഴശ്ശി സൈന്യം ഈ ചിറയിൽനിന്ന് ദാഹമകറ്റിയതായും പറയപ്പെടുന്നു. വനനിബിഡമായ മലകൾക്ക് നടുവിൽ പച്ചപ്പിന്റെ പ്രകൃതിദത്ത മൈതാനങ്ങൾ വയനാട്ടിൽ ഇവിടെ മാത്രമാണുള്ളത്. കാടിനുള്ളിൽ 25 ഏക്കർ വിസ്തൃതിയിലുള്ള ചേറ്റുകണ്ടം പ്രകൃതി കനിഞ്ഞരുളിയ വയനാടിന് വിസ്മയമാണ്.
കാത്തിരിപ്പിന്റെ പതിറ്റാണ്ടുകൾ
പത്തു വർഷങ്ങൾക്ക് മുമ്പ് ജില്ല കടുത്ത വരൾച്ച നേരിട്ട കാലത്തായിരുന്നു കുങ്കിച്ചിറ നവീകരണത്തിന് പദ്ധതി ഒരുങ്ങുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായിരുന്നു ഇതിന് മുന്നിട്ടിറങ്ങിയത്. കുളത്തിന്റെ പാർശ്വഭിത്തികൾ ഇടിച്ച് വീതികൂട്ടുന്ന പ്രവൃത്തിയും തുടങ്ങി. അധികം പിന്നിടുന്നതിനു മുമ്പേ നിർമാണം നിലച്ചു. പിന്നെ ആറുവർഷത്തോളം ചിറയുടെ കാഴ്ച വികൃതമായിരുന്നു. ഇവിടെനിന്ന് തലയ്ക്കൽ ചന്തു സ്മാരകമടക്കം നിർമിക്കാൻ അന്നത്തെ മന്ത്രി പി.കെ. ജയലക്ഷ്മി മുൻകൈയെടുത്ത് വലിയൊരു പദ്ധതി തയ്യാറായി. മ്യൂസിയം വകുപ്പിന്റെ ജില്ലയിൽ ആദ്യമായുള്ള പദ്ധതി. കുളവും അതിനോട് ചേർന്ന സ്ഥലവും റവന്യൂ വകുപ്പ് ഇതിനായി ഏറ്റെടുത്ത് കൈമാറി. ഈ പദ്ധതി പൂർത്തീകരിക്കുന്നത് പ്രതീക്ഷയോടെയാണ് വയനാട് കാത്തിരിക്കുന്നത്.
കൊടുമല കുങ്കിയുടെ ചിറ
കുങ്കിച്ചിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ എട്ടു നൂറ്റാണ്ട് പിന്നിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രദേശത്തെ നാടുവാഴിയുടെ മകളായ കൊടുമല കുങ്കിയാണ് ഇവിടെ ഈ കുളം നിർമിച്ചത് എന്നാണ് പറഞ്ഞു പഴകിയ കഥ. ഇതിന്റെ തീരത്തായി ഒരു കോട്ടയും കുങ്കി പണികഴിപ്പിരുന്നു. സന്ധ്യാസമയത്ത് ഈ കുളത്തിന് നടുവിലുള്ള ദീപസ്തംഭത്തിൽ കുങ്കി വിളക്ക് കൊളുത്തുന്നതായും വാമൊഴി വഴക്കത്തിലുണ്ട്.
കുങ്കിയും കളരിയും ഈ കോട്ടയ്ക്ക് സമീപത്തുണ്ടായിരുന്നു. തൈത്താലമ്മ ക്ഷേത്രവും ഇവിടെയുണ്ടായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളെല്ലാം കുങ്കിച്ചിറയുടെ തീരത്തുള്ള കാട്ടിൽ ഏറെക്കാലം മുമ്പ് വരെയുണ്ടായിരുന്നു. താഴെനാട്ടിൽനിന്ന് കൊടുമലയ്ക്ക് യാത്ര പോകുന്ന രജപുത്രിയായ കുങ്കിയുടെ വിശ്രമ സ്ഥലമായിരുന്നു ഇവിടമെന്നും നീരാട്ടിനായി ഏഴുദിവസം കൊണ്ട് ഇവിടെ ഒരു കുളം നിർമിക്കുകയായിരുന്നുവെന്നും മറ്റൊരു ഐതിഹ്യകഥയും കുങ്കിച്ചിറയുടെ തീരത്ത് പ്രചരിച്ചിരുന്നു.
Content Highlights: The largest heritage museum in Malabar wayanad niravilpuzha kunkichira
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..