മാള: മാളയിലെ യഹൂദ സ്മാരകങ്ങൾക്ക് ശാപമോക്ഷമാവുന്നു. യഹൂദർ കടൽകടന്നതോടെ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി അവഗണനയിലായിരുന്ന സ്മാരകങ്ങളാണ് സംസ്ഥാന സർക്കാരിന്റെ വിനോദസഞ്ചാര മാപ്പിൽ ഇടംപിടിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൈതൃക തനിമ ചോരാതെ ഇവയെ പുനരുദ്ധരിച്ച് സംരക്ഷിക്കുന്നത്.

ഇതിനായി 1.75 കോടി രൂപയാണ് ചെലവഴിക്കുന്നത്. സിനഗോഗിന്റെ സംരക്ഷണത്തിനായി 75 ലക്ഷം രൂപയും ശ്മശാനത്തിന്റെ ചുറ്റുമതിൽ നിർമിക്കുന്നതിനായി 99 ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളതായി മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 27ന് രാവിലെ 10ന് വി.ആർ. സുനിൽകുമാർ എം.എൽ.എ. നിർവഹിക്കും.

സിനഗോഗിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവയ്ക്കുകയായിരുന്നു. നാലേക്കറോളം വരുന്ന ശ്മശാനത്തിന്റെ ചുറ്റുമതിൽ നിർമാണം 27ന് ആരംഭിക്കും. ചരിത്ര സ്മാരക പ്രൗഢി നിലനിർത്തി വെട്ടുകല്ലിലായിരിക്കും നിർമാണം. ശ്മശാനത്തിലേക്കുള്ള കവാടങ്ങളും സ്ഥാപിക്കും.

കെ.കരുണാകരൻ സ്മാരക സ്പോർട്സ സ്റ്റേഡിയം സംബന്ധിച്ച് നിലവിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമം. തർക്ക പരിഹാരത്തിന് ശേഷമായിരിക്കും ശ്മശാനത്തിലെ മറ്റ് നിർമാണങ്ങളെന്ന് മുസിരിസ് അധികൃതർ പറഞ്ഞു. സ്മാരകങ്ങൾ നവീകരിക്കുന്നതോടെ മുസിരിസ് പൈതൃക പദ്ധതിയുടെ വിനോദസഞ്ചാര സർക്യൂട്ടിന്റെ ഭാഗമാകും. ചേന്ദമംഗലം, പറവൂർ, ഫോർട്ട് കൊച്ചി എന്നീ യഹൂദസ്മാരകങ്ങളെ ഉൾപ്പെടുത്തി ലോകത്തിന്റെ നാനാഭാഗത്തുനിന്ന് യഹൂദ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് പരിപാടി. ഇസ്രയേലിലെ 'ടെൽഅവീവിൽ'നിന്ന് നേരിട്ട് കേരളത്തിലേക്ക് വിമാന സർവീസും ആരംഭിച്ചിട്ടുണ്ട്.

പുനരുദ്ധാരണ ജോലികൾ പൂർത്തീകരിക്കുന്നതോടെ സിനഗോഗ് യഹൂദ മ്യൂസിയമായി മാറും. മാളയിലെ യഹൂദരൂടെ ചരിത്രം ഉൾപ്പെടുന്ന ലിഖിതങ്ങളും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കും. വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതിനും ടിക്കറ്റുകൾ നൽകുന്നതിനും ജീവനക്കാരും ഉണ്ടായിരിക്കും.

യഹൂദർ മാള ഒഴിഞ്ഞപ്പോൾ ശ്മശാനവും ആരാധനാലയമായ സിനഗോഗും സംരക്ഷണത്തിനായി മാള പഞ്ചായത്തിനെ ഏല്പിച്ചാണ് പോയത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കരാറും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കരാർവ്യവസ്ഥകൾ പാലിക്കാൻ പിന്നീട് ഭരണത്തിൽ വന്ന പഞ്ചായത്ത് ഭരണസമിതികൾക്കായിരുന്നില്ല.
ഈ ഭരണസമിതിയാണ് സ്മാരകങ്ങൾ സംരക്ഷണത്തിനായി പുരാവസ്തുവകുപ്പിന് കൈമാറിയത്. പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകങ്ങളായി ഏറ്റെടുത്തുവെങ്കിലും പുനരുദ്ധാരണം മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്.

Content Highlights:The Jewish monuments in Mala will be opened for tourists