ന്യൂയോര്‍ക്ക്: കോവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു അമേരിക്ക. ഇതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖല താളംതെറ്റിയിരുന്നു. എന്നാല്‍ കോവിഡ് രോഗത്തിന് ശമനമായതോടെ വിനോദസഞ്ചാരമേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അമേരിക്കയിലെ പാര്‍ക്കുകളിലേക്കുള്ള സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള വരവ്.

അമേരിക്കയിലെ അതിപ്രശസ്തമായ യെല്ലോ സ്‌റ്റോണ്‍, ഗ്രാന്‍ഡ് ടെന്റണ്‍ എന്നീ ദേശീയ പാര്‍ക്കുകളിലേക്ക് നിരവധി സഞ്ചാരികളാണ് കഴിഞ്ഞ മാസം സന്ദര്‍ശനത്തിനായി എത്തിയത്. കോവിഡ് പരക്കുന്നതിന് മുന്‍പ് അതായത് 2019 ഏപ്രില്‍ മാസത്തില്‍ 19000 സഞ്ചാരികളാണ് ഈ രണ്ട് പാര്‍ക്കുകളിലുമായി സന്ദര്‍ശിച്ചത്. എന്നാല്‍ അതില്‍ നിന്നും 40 ശതമാനത്തോളം വര്‍ധനയാണ് കഴിഞ്ഞ മാസമുണ്ടായത്.

വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പാര്‍ക്കിലേക്ക് നിലവില്‍ പ്രവേശനമനുവദിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ മാത്രമാണ് പാര്‍ക്കുകളിലേക്കെത്തിയത്. എന്നിട്ടും ഇത്രയുമധികം തിരക്ക് അനുഭവപ്പെട്ടത് അധികൃതരെ അതിശയപ്പെടുത്തുന്നു.

വരും മാസങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതോടെ സഞ്ചാരികള്‍ കൂട്ടമായി അമേരിക്കയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. അതിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 

ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ദേശീയ പാര്‍ക്കുകളിലൊന്നാണ് യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക്. 1872-ലാണ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചത്. വയോമിങ്ങിലാണ് ഗ്രാന്‍ഡ് ടെന്റണ്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

Content Highlights: The famous Yellowstone and Grand Teton national parks in the US set a new visitor record