ബാങ്കോക്:  ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് തായ്‌ലന്‍ഡ്. ഇപ്പോഴിതാ വീണ്ടും അന്താരാഷ്ട്ര വിനോദ സഞ്ചാരികളേ വരവേല്‍ക്കാനൊരുങ്ങുകയാണ് രാജ്യം. ഘട്ടം ഘട്ടമായിട്ടാണ്  അതിര്‍ത്തികള്‍ തുറക്കുക. 

നവംബര്‍ ഒന്നിന് ആദ്യ ഘട്ടമെന്ന നിലയില്‍ അതിര്‍ത്തികള്‍ തുറക്കുമെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡ് അറിയിച്ചു. എന്നാല്‍ പൈലറ്റ് ഘട്ടം ഒക്ടോബര്‍ 1 നു ആരംഭിക്കും. പൈലറ്റ് ഘട്ടത്തില്‍  നാല് പ്രധാനപ്പെട്ട ബീച്ചുകളാകും തുറക്കുക. 

ആദ്യ ഘട്ടം

ആദ്യ ഘട്ടത്തില്‍ ബാങ്കോക്, ക്രാബി എന്നിവിടങ്ങളും ചിയാങ് മായ്, ബുരി രം,  ചോണ്‍ ബുരി, ബാങ് ലാമുങ്, ലോയ്, ഫെച്ചാബുരി, രെനോങ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളുമാണ് തുറക്കുക.

രണ്ടാം ഘട്ടം

ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ തായ്‌ലന്‍ഡിന്റെ പ്രശസ്തമായ കലാ, സാംസ്‌കാരിക കേന്ദ്രങ്ങളാകും തുറന്നു നല്‍കുക. രണ്ടാം ഘട്ടത്തില്‍ സഞ്ചാരികള്‍ക്ക് 20 പ്രവിശ്യകളില്‍ സഞ്ചരിക്കാം. നാക്കോണ്‍, അയുതയ്യാ, ചിയാങ് രായ് എന്നീ സ്ഥലങ്ങള്‍ ഈ ഘട്ടത്തില്‍ തുറക്കും.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ക്രാബി പ്രവിശ്യയിലെ മനോഹര ദ്വീപ് സമൂഹമായ ഫീ ഫീയില്‍ സഞ്ചാരികള്‍ക്ക് സ്‌കൂബാ ഡൈവിംഗ്, കയാക്കിങ് എന്നിവ നടത്താം. വാസ്തുവിദ്യാ ശൈലിയിലെ മികവിന്റെ പര്യായമായ അയുതയ്യാ ചരിത്രപാര്‍ക്കെന്ന നിലയില്‍ പ്രശസ്തമാണ്.

ബാങ്കോകിലെ ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ് ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാകാത്ത അനുഭൂതി നല്‍കും. തായ്‌ലന്‍ഡിന്റെ മറഞ്ഞിരിക്കുന്ന വനസൗന്ദര്യമാസ്വദിക്കാന്‍ കാവോ യായ്, മു കോ ചാങ് നാഷണല്‍ പാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ ഉതകും.

Content Highlights: thailand to reopen for tourist from november 1