ബാങ്കോക്ക്: വാക്‌സിന്‍ സ്വീകരിച്ച യാത്രകാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ തായ്‌ലാന്‍ഡ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശിക്കാനാവുന്നത്. തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓചായാണ് ഈ കാര്യം അറിയിച്ചത്. 

ടൂറിസം രംഗം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതു പ്രകാരം 46 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ബാങ്കോക്ക്, പട്ടായ, തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളാകും ആദ്യം തുറക്കുക.

നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ മാസാവസാനത്തോടെ പിന്‍വലിക്കും. സിങ്കപ്പൂര്‍, ബ്രിട്ടന്‍, ജര്‍മ്മനി, ചൈന, അമേരിക്ക തുടങ്ങിയ പത്ത്‌ രാജ്യങ്ങളില്‍നിന്നുള്ളവർക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു. 

ജൂലൈ ഒന്നുമുതല്‍ ഫുക്കറ്റ് ദ്വീപിലേക്ക് തായ്‌ലാന്‍ഡ് പ്രവേശനം അനുവദിച്ചിരുന്നു. ടൂറിസം രംഗത്തെ തകര്‍ച്ച മൂലം കഴിഞ്ഞവര്‍ഷം തായ്‌ലാന്‍ഡിന് 50 ബില്ല്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണുണ്ടായത്. 82 ശതമാനത്തോളമാണ് ടൂറിസം വരുമാനത്തിലെ ഇടിവ്.

Content Highlights: thailand to avoid quarantine for travellers who have fully vaccinated aganist covid