മൂന്നാർ: മൂന്നാറിൽ ടെൻറ് ക്യാമ്പുകളിലെ താമസത്തിനും പ്രിയമേറുന്നു. ടൗണുകളിലെ തിരക്കുകളിൽനിന്നൊഴിഞ്ഞ്, ഒറ്റപ്പെട്ടസ്ഥലങ്ങളിലും മലമുകളിലുമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ടെന്റുകളിൽ താമസിക്കാനാണ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.
ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറിവാടക അപേക്ഷിച്ച് ടെന്റുകളിലെ താമസം വളരെ ചെലവ് കുറഞ്ഞതും പ്രകൃതിസൗന്ദര്യം മതിയാവോളം ആസ്വദിക്കാൻ കഴിയുമെന്നതും സ്വകാര്യത കൂടുതൽ ലഭിക്കുമെന്നും ഇത്തരം ക്യാമ്പുകളെ കൂടുതൽ പ്രിയമുള്ളതാക്കുന്നു.
ചിന്നക്കനാൽ, സൂര്യനെല്ലി, കൊളുക്കുമല, എല്ലപ്പെട്ടി, കല്ലാർ, ലക്ഷ്മി എന്നിവടങ്ങളിലാണ് ടെന്റ് ക്യാമ്പിങ് ഏറ്റവുമധികമുള്ളത്.
സഞ്ചാരികളെത്തിയ ശേഷം സ്ഥാപിക്കുന്ന താത്കാലിക ക്യാമ്പ്, സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന ടെന്റഡ് ക്യാമ്പിങ് എന്നീ രീതികളാണുള്ളത്. താത്കാലിക ടെന്റുകളിൽ രണ്ടുപേർക്ക് നിലത്തുകിടക്കാനുള്ള സൗകര്യം, പ്രഭാതഭക്ഷണം, ക്യാമ്പ് ഫയർ എന്നിവയടക്കമുള്ള സൗകര്യങ്ങളാണ് നൽകുന്നത്. ഒരാൾക്ക് 600 മുതൽ 1000 വരെ രൂപയാണ് ഈടാക്കുന്നത്. ടെന്റഡ് ക്യാമ്പുകളിൽ ഹോട്ടൽ മുറികളിലേതിനു സമാനമായ സൗകര്യങ്ങളും ഭക്ഷണം, ട്രെക്കിങ്, ക്യാമ്പ് ഫയർ എന്നിവയും ഉണ്ടാകും. ഒരാൾക്ക് 1500 മുതൽ 2000 വരെ രൂപയാണ് ഈടാക്കുന്നത്. ഒരു ദിവസം 200 പേർക്കുവരെ തങ്ങാവുന്ന ടെന്റ് ക്യാമ്പുകൾ മൂന്നാറിലുണ്ട്.
ഭൂവുടമകൾക്ക് താത്പര്യം ടെന്റ് ക്യാമ്പുകൾ
മൂന്നാർ ഉൾപ്പെടെയുള്ള എട്ടുവില്ലേജുകളിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമാണ നിരോധനപ്രശ്നം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്കായി ആകർഷകമായ ടെൻറുകൾ പണിയാനാണ് ഭൂവുടമകൾക്ക് താത്പര്യം.
മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ കുറഞ്ഞ ചെലവിൽ ടെന്റുകൾ നിർമിച്ചു നൽകുന്നതുവഴി ഭേദപ്പെട്ടവരുമാനം ലഭിക്കും.
സഞ്ചാരികളില്ലാത്ത സമയങ്ങളിൽ ടെന്റുകൾ നീക്കംചെയ്യുവാനും കഴിയും. അറ്റകുറ്റപ്പണി ചെലവ്, ജീവനക്കാരുടെ ചെലവ് എന്നിവ ഒഴിവാക്കാനാകും. പഞ്ചായത്ത് ലൈസൻസ് മാത്രം മതി ടെൻറ് ക്യാമ്പുകൾ പ്രവർത്തിക്കാൻ.
Content Highlights: Tent Camping, Munnar, Idukki Tourism, Travel News, Kerala Tourism