കൊടുങ്ങല്ലൂര്‍: ശ്രീകുരുംബക്കാവില്‍ ഉയരുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയത്തോടൊപ്പം ക്ഷേത്രാവശ്യങ്ങള്‍ക്കായി മറ്റൊരു കെട്ടിട സമുച്ചയവും ഉയരും. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന് 1.88 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടൊപ്പം അഴീക്കോട് മുനയ്ക്കല്‍ ബീച്ചിലും മതിലകം ബംഗ്ലാവ് കടവിലും ബോട്ടു ജെട്ടി നിര്‍മാണത്തിനായി 1.31 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കച്ചേരിപ്പുരയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയമായി മാറുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് വ്യാപനത്തോടെ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കച്ചേരിപ്പുര വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുസിരിസ് പൈതൃക പദ്ധതിയുമായി ഏര്‍പ്പെട്ട കരാറിലാണ് ദേവസ്വം ബോര്‍ഡിന് മറ്റൊരു കെട്ടിട സമുച്ചയം നിര്‍മിച്ചുനല്‍കാമെന്ന് ഏറ്റിരുന്നത്. ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന സ്ഥലത്ത് മീറ്റിങ് ഹാളുകള്‍, താമസ സൗകര്യം, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, സ്റ്റോര്‍ മുറി, സ്ട്രോങ് റൂം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന കെട്ടിടമാണ് ക്ഷേത്രപരിസരത്ത് നിര്‍മിക്കുന്നത്. 

ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചരിത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റും ഉള്‍പ്പെടുത്തിയാണ് മ്യൂസിയം നിലവില്‍ വരിക. പുരാതന ക്ഷേത്രങ്ങളിലെ ആരാധനാക്രമങ്ങളും ഐതിഹ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തോടെ സംവിധാനം ചെയ്യും. മതിലകം ബംഗ്ലാവ് കടവില്‍ നിര്‍മിക്കുന്ന ബോട്ടുജെട്ടിക്ക് 58 ലക്ഷവും മുനയ്ക്കല്‍ ബീച്ചില്‍ നിര്‍മിക്കുന്ന ബോട്ടുജെട്ടിക്ക് 73 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം. നൗഷാദ് അറിയിച്ചു.

Content Highlights: Temple Museum, Sreekurumba Bhagavathy Temple, Muziris Heritage Project, Kerala Tourism, Travel News