ഊട്ടി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയിലേക്ക് ഇനിമുതല്‍ പ്രവേശിക്കണമെങ്കില്‍ ഇ-പാസ് നിര്‍ബന്ധം. മറുനാട്ടില്‍ നിന്നും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളില്‍ നിന്നും ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കണമെങ്കില്‍ നിര്‍ബന്ധമായും ഇ-പാസ് കൈയ്യില്‍ കരുതണം. 

ഇതുവരെ ഇ-രജിസ്‌ട്രേഷന്‍ ചെയ്ത് ജില്ലയിലേക്ക് വരാമായിരുന്നു. മറ്റുസ്ഥലങ്ങളില്‍നിന്ന് വരുന്നവരില്‍ നിന്നും നീലഗിരിയില്‍ കോവിഡ് പകരാന്‍ കാരണമാകുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇപാസ് നിര്‍ബന്ധമാക്കിയത്. ആവശ്യം ന്യായമാണെന്ന് ബോധ്യമാകുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിച്ച് അനുമതി നല്‍കൂ.

നിലവില്‍ സഞ്ചാരികളുടെ കാര്യത്തില്‍ ഇ-പാസ് അനുവദിക്കാന്‍ സാധ്യത കുറവാണ്. ആദ്യഘട്ട കോവിഡ് തരംഗത്തില്‍ നിന്നും പതിയേ കരകയറുന്ന സമയത്താണ് നീലഗിരിയില്‍ രണ്ടാം ഘട്ടം ശക്തമായി ആരംഭിച്ചത്. ഇതോടെ ഏപ്രില്‍ മുതല്‍ സഞ്ചാരികള്‍ക്ക് ജില്ലയിലേക്കുള്ള പ്രവേശനം അധികൃതര്‍ നിരോധിച്ചിരുന്നു. നിലവില്‍ ഊട്ടിയിലെ എല്ലാ സഞ്ചാരകേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. 

Content Highlights: Tamilnadu Goverment introduce E-Pass to enter Ooty