അഞ്ചാലുംമൂട് : ടേക് എ ബ്രേക്ക് പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രാക്കുളം സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും കായലില്‍ രൂപംകൊണ്ട ചെറുതുരുത്തുകളില്‍ ഉല്ലസിക്കുന്നതിനും മറ്റുമായി ദിനം പ്രതി നൂറുകണക്കിന് ആഭ്യന്തര, വിദേശ സഞ്ചാരികളാണ് പ്രാക്കുളം സാമ്പ്രാണേക്കോടിയിലെത്തുന്നത്.

വിനോദസഞ്ചാരികള്‍ക്കുവേണ്ടി ടേക് എ ബ്രേക്ക് പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് തയ്യാറാണെങ്കിലും മതിയായ സ്ഥലസൗകര്യമില്ലാത്തത് തടസ്സമായിരുന്നു.

എന്നാല്‍ പഞ്ചായത്ത് പ്രദേശത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തിയാല്‍ പദ്ധതി നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വഴി തെളിയുകയായിരുന്നു. ഇവിടെ പൊതുമരാമത്ത് വകുപ്പിന്റെ പഴയ കെട്ടിടം പൊളിച്ച് പദ്ധതി നടപ്പാക്കണമെന്ന പഞ്ചായത്ത് കമ്മിറ്റി സര്‍ക്കരിനോട് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാര്‍ അനുകൂല ഉത്തരവ് ഇറക്കി.

സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയില്‍ത്തന്നെ നിലനിര്‍ത്തി പദ്ധതി നടപ്പാക്കാന്‍ അനുവാദം ലഭിച്ചു. ഇനി ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കാന്‍ സാധിക്കും. കൊല്ലം ബൈപ്പാസും സാമ്പ്രാണിക്കോടിയും ബന്ധിപ്പിച്ച് പാലം വരുന്നതുവരെ കുരീപ്പുഴയില്‍നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിച്ചാല്‍ ഏറെ പ്രയോജനപ്പെടും. അതിനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: take a break at sampranikodi; tourism to bloom