യനാട് തൃക്കൈപ്പറ്റ ഗ്രാമജീവിതം അടുത്തറിയാനായി സ്വീഡനില്‍ നിന്നും വിദ്യാര്‍ത്ഥികളെത്തി. ഏകദേശം 6,409 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സ്വീഡനിലെ ഗ്ലോബല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തിയത്. മണിക്കുന്ന് മലയുടെ താഴ്‌വാരമായ ഈ ഗ്രാമത്തില്‍ കൃഷിയാണ് പ്രധാന അതിജീവന മാര്‍ഗം. 1996 ല്‍ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം, ഗ്രാമത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടു കൂടി ഗ്രാമം ആഗോള ശ്രദ്ധ നേടാന്‍ തുടങ്ങി.

Thrikkaippatta 1

മുളയുടെ വിസ്മയലോകമാണ് ഇന്നീ ഗ്രാമത്തിലെ മറ്റൊരാകര്‍ഷണം. 2006 ലെ ലോകത്തെ പ്രഥമ ചക്ക മഹോത്സവത്തിനും ഈ ഗ്രാമം വേദിയായി. പിന്നീട് ഉത്തരവാദിത്ത വിനോദ സഞ്ചാര രംഗത്തെ സാന്നിധ്യമായ കമ്പനിയുമായി ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രകൃതിയുമായി സമന്വയിക്കാന്‍ ആഗോള  സഞ്ചാരികള്‍ ഈ ഗ്രാമത്തില്‍ എത്തിത്തുടങ്ങി. അങ്ങനെ പാഠപുസ്തകം മാത്രമല്ല പഠനമെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥി സംഘങ്ങളും ഗ്രാമത്തെ പഠന മുറിയാക്കി മാറ്റി.

ജനുവരി 16 മുതല്‍ 31 വരെയായിരുന്നു സുദീര്‍ഘമായ പഠനം. നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് കര്‍ഷകര്‍, പ്രായമായവര്‍, ചെറുപ്പക്കാര്‍, സ്ത്രീകള്‍ എന്നിവരുമായി ഇടപഴകിയാണ് പഠനം നടത്തിയത്. ഭാഷാ സഹായികളായി ഗ്രാമത്തിലെ ചെറുപ്പക്കാരും ഇവര്‍ക്കൊപ്പം ഒപ്പം ചേര്‍ന്നു. ഇന്ത്യന്‍ ജനതയേയും അത് പ്രതിനിധീകരിക്കുന്ന ഗ്രാമ സംസ്‌കാരത്തേയും ജീവിത സൂചികളേയും പറ്റി ഇവര്‍ സൂക്ഷ്മമായി മനസ്സിലാക്കി. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള ഗ്ലോബല്‍ കോളേജിലെ ഇരുപതിലധികം വരുന്ന അപ്പര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലെ ഒന്നാംഘട്ട പഠനം പൂര്‍ത്തിയാക്കിയത്. സാമൂഹ്യ ശാസ്ത്രം, കല, പ്രകൃതി ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ആഗോളാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും അവസ്ഥകളും അപ്പര്‍ സെക്കണ്ടറി തലത്തില്‍ പഠനവിഷയമാക്കുന്ന ലോകത്തെ ഒന്നാംകിട വിദ്യാഭ്യാസ
സ്ഥാപനങ്ങളിലൊന്നാണ് ഗ്ലോബല്‍ കോളേജ്.

Thrikkaippatta 2

700ലധികം വിദ്യാര്‍ത്ഥികളും 60 അധ്യാപകരുമുള്ള ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ അവസാന വര്‍ഷക്കാരായ 16 നും19നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാ വര്‍ഷവും പഠനത്തിന്റെ ഭാഗമായി
ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് യാത്ര ചെയ്ത് പഠനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവനന്തപുരം മിത്ര നികേതനില്‍ ഇത്തരം വിദ്യാര്‍ത്ഥി സംഘം  എത്തിയിരുന്നു.  ഗ്രാമത്തിലെ വീടുകളില്‍ താമസിച്ച് അവരോടൊപ്പം ഭക്ഷണം ചിലപ്പോള്‍ ഉണ്ടാക്കിയും കഴിച്ചും അവരോടൊപ്പം ജോലി ചെയ്തും സംവദിച്ചും ഗ്രാമ സംസ്‌കാരത്തോട് ഇഴചേര്‍ന്ന് പഠിക്കുന്ന പഠന രീതിയാണിത്. തനത്
ഭക്ഷണശീലവും ജീവിതരീതിയും ഒരു പരിധിവരെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജനാധിപത്യ ആശയങ്ങള്‍ മനസ്സിലാക്കിയും തൊഴിലിടങ്ങളില്‍ സന്ദര്‍ശിച്ചും തൊഴിലാളികളുടെ ജീവിതാവസ്ഥ മനസ്സിലാക്കിയും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി ആശയവിനിമയം നടത്തി കാര്‍ഷികമേഖലയെ തൊട്ടറിഞ്ഞുമാണ് തങ്ങള്‍ ഈ പഠനം
നടത്തുന്നതെന്ന് സംഘാംഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളായ ഫെലിക്സ് ജെയ്സനും ലിവ് ആള്‍ട്ടര്‍ ജാഗറും പറഞ്ഞു. 

Thrikkaippata 3

Thrikkaippatta 4കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഗ്ലോബല്‍ കോളേജ് പ്രതിനിധികള്‍ എത്താറുണ്ടെങ്കിലും മഹാപ്രളയത്തിന് ശേഷമുള്ള അതിജീവനവും പുനരധിവാസവും കേരളത്തില്‍ നടക്കുന്നതെങ്ങനെയെന്നും സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റവും അടുത്തറിയാനും ഈ വര്‍ഷത്തെ സന്ദര്‍ശനംകൊണ്ട് സാധിച്ചുവെന്നും അധ്യാപികയും ടീം ലീഡറുമായ ലോട്ട ഫ്രീഗണ്‍ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി ഉത്തരവാദിത്വ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കബനി വഴിയാണ് ഇവര്‍ വയനാട്ടിലെത്തിയത്. കബനി വഴി വരുന്ന സഞ്ചാരികള്‍ ഗ്രാമത്തില്‍ എത്തുമ്പോള്‍ അതിന്റെ നേട്ടം പലര്‍ക്കും ലഭിക്കുന്നു. കര്‍ഷകരുടെ വീടുകളില്‍ താമസിക്കുന്നു, ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ഗൈഡാവുന്നു, ഗ്രാമത്തിലെ വാഹനം ഉപയോഗിക്കുന്നു, ഗ്രാമത്തിലെ സൂക്ഷ്മ ചെറുകിട സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നു. ഒപ്പം ഒരു വിഹിതം ഗ്രാമ നിര്‍മ്മാണ പ്രക്രിയക്കും ഉപയോഗപ്പെടുത്തുന്നു.

15 ദിവസം സ്വീഡന്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ച് മടങ്ങുമ്പോള്‍ കര്‍ഷകരായ ഗ്രാമീണര്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഈ ഗ്രാമം മറ്റൊരു വീടും സംസ്‌കാരികമായ ഒരിടവുമാണ് നിങ്ങള്‍ ഇനിയും വരണമെന്നാണ്.

Content Highlights: Sweden Students Visited Thrikkaippatta Village in Wayanadu, Responsible Tourism