മാനന്തവാടി പ്രിയദർശിനിയിലേക്ക് നടന്ന ട്രക്കിങ് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
കല്പറ്റ: കാർഷികസംസ്കൃതിയും ഗോത്രപൈതൃകവും ഇഴപിരിയുന്ന വയനാട്ടിൽ സുസ്ഥിര ടൂറിസത്തിന് വൻ സാധ്യതകളാണുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്-ടൂറിസം വകുപ്പുകളും ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ സംഘടിപ്പിച്ച വീഡിയോ പ്രകാശനവും സുസ്ഥിര ടൂറിസം വികസന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആദിവാസിസമൂഹത്തിന്റെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചാരക്കൊല്ലിയിലെ പ്രിയദർശിനി എസ്റ്റേറ്റ് സുസ്ഥിര വിനോദസഞ്ചാരത്തിന്റെ കേന്ദ്രമാക്കുന്നതിലൂടെ ആദിവാസിവിഭാഗത്തിനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാവും.
ആരോഗ്യവകുപ്പുമായി ചേർന്ന് പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കി. ഈ പദ്ധതിക്ക് തുടക്കമിട്ടതും വയനാട്ടിലാണ്. ഇതോടെ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ആറാംസ്ഥാനത്തായിരുന്ന വയനാട് നാലിലേക്ക് ഉയർന്നു. ഇത് നിലനിർത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും കഴിയണം. ഇതിനായി വിനോദസഞ്ചാരവകുപ്പ് വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസംകേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരുമിനിറ്റ് വീതം ദൈർഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങളാണ് പ്രകാശനം ചെയ്തത്. പ്രധാന ടൂറിസംകേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങൾ എക്സ്‌പ്ലോർ വയനാട്- വരൂ,വയനാട് കാണാം- എന്ന ടൈറ്റിലിലാണ് ഒരുക്കിയിരിക്കുന്നത്.
ഒ.ആർ. കേളു എം.എൽ.എ. അധ്യക്ഷത വഹിച്ചു. കളക്ടർ എ. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, കൗൺസിലർ വി.ആർ. പ്രവിജ്, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, കെ. മുഹമ്മദ്, ഡി.വി. പ്രഭാത്, കെ.ജി. അജേഷ്, ഇ.പി. ജിനീഷ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, പുല്പള്ളി പഴശ്ശി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.ആർ. ദിലീപ് എന്നിവർ ക്ലാസുകളെടുത്തു.
Content Highlights: sustainable tourism, Wayanad tourism, minister PA Muhammed Riyas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..