ഗളി : അട്ടപ്പാടി കുന്നന്‍ചാളയില്‍ സൂര്യകാന്തിപൂത്തു. പ്ലാമരം നരസിക്കമുക്ക് റോഡരികില്‍ പഴനിസ്വാമികൗണ്ടറുടെ പാടത്താണ് അരയേക്കറില്‍ സൂര്യകാന്തി പൂത്തിരിക്കുന്നത്. അട്ടപ്പാടിയിലെ സൂര്യകാന്തി പാടംകാണാന്‍ ധാരാളം വിനോദ സഞ്ചാരികളാണ് എത്തുന്നത്. അരയേക്കറില്‍ രണ്ടരക്കിലോഗ്രാം വിത്തുപയോഗിച്ചാണ് കൃഷിചെയ്തിരിക്കുന്നത്. ഇതില്‍നിന്നും 150 കിലോഗ്രാം എണ്ണക്കുരു കിട്ടും.

ഇതില്‍നിന്ന് 60 ലിറ്റര്‍ എണ്ണ ലഭിക്കും. സൂര്യകാന്തിക്കുരു ആട്ടി എണ്ണയെടുക്കുന്നതിനുള്ള സൗകര്യമില്ലാത്തതാണ് ഏക പ്രതിസന്ധി. കോയമ്പത്തൂരിലാണ് ഇതിനുള്ള സംവിധാനമുള്ളത്. 20 വര്‍ഷം മുന്‍പ് പഴനിസ്വാമി കൗണ്ടര്‍ സുര്യകാന്തിക്കൃഷി ചെയ്തിരുന്നു. മറ്റുള്ള കൃഷിക്കാരും സൂര്യകാന്തി വ്യാപകമായി കൃഷിചെയ്തിരുന്നു. ആ സമയത്ത് എണ്ണ ആട്ടുന്നതിനുള്ള മില്‍ ഗൂളിക്കടവില്‍ ഉണ്ടായിരുന്നു. കര്‍ഷകരെല്ലാം സൂര്യകാന്തിക്കൃഷി ഉപേക്ഷിച്ചതോടെ എണ്ണ ആട്ടാനുള്ള സംവിധാനം നിലച്ചു.

സൂര്യകാന്തിക്കൃഷി ഏറെ ലാഭകരമാണെന്നും അതുകൊണ്ടുതന്നെ കൂടുതല്‍സ്ഥലത്ത് സൂര്യകാന്തിക്കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകന്‍. കൃഷിഭവന്‍ ഇതിനുള്ള സൗകര്യങ്ങള്‍ചെയ്ത് കൊടുത്താല്‍ അട്ടപ്പാടിയിലെ തരിശുനിലങ്ങള്‍ സൂര്യകാന്തിവിടരുന്ന പാടങ്ങളാവുമെന്നാണ് സൂര്യകാന്തികര്‍ഷകനായ പഴനിസ്വാമി കൗണ്ടര്‍ പറയുന്നത്.

Content highlights : sunflower field in attappadi attracts tourists