ചിറ്റില്ലഞ്ചേരി: ഗായത്രിപ്പുഴയിലെ ചേരാമംഗലം അണക്കെട്ട് കേന്ദ്രീകരിച്ച് പ്രാദേശിക വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രാഥമികപഠനം നടത്തി. മദ്രാസ് സര്‍ക്കാരിനുകീഴില്‍ 1951-ലാണ് 304 അടി നീളമുളള അണക്കെട്ട് നിര്‍മിച്ചത്.

വേനല്‍ക്കാലത്ത് അണക്കെട്ടില്‍നിന്ന് മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിലേക്ക് ജലസേചനക്കനാല്‍ വഴി നെല്‍ക്കൃഷിക്ക് വെള്ളം തുറന്നുവിടും. അണക്കെട്ടിന്റെ ഭാഗമായി ഉപയോഗിക്കാതെക്കിടക്കുന്ന സ്ഥലത്ത് സൗന്ദര്യവത്കരണവും അണക്കെട്ടില്‍ ബോട്ടിങ് ഉള്‍പ്പെടെയുള്ളവയുമാണ് വികസനത്തിന്റെ ഭാഗമായി പരിഗണിക്കുന്നത്.

നെല്ലിയാമ്പതി യാത്രയിലെ ഇടത്താവളമാക്കി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ. പറഞ്ഞു.

ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ്, മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വീഴുമല സ്വാമിദുരൈ അണക്കെട്ട്, ഗായത്രിപ്പുഴ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.

Content Highlights: studies done to promote tourism based in cheramangalam dam