ഊട്ടി: ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ നീലഗിരി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടവും പോലീസും രംഗത്ത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ അനാവശ്യമായി ആരും വീടുവിട്ട് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി.

ഇതോടെ സഞ്ചാരികള്‍ കൂട്ടമായി എത്തുന്ന ഊട്ടി നിശ്ചലമായി. കോവിഡില്‍ നിന്നും മുക്തമായിരുന്ന ഊട്ടിയിലേക്ക് ഈയിടെയാണ് സഞ്ചാരികള്‍ എത്തിത്തുടങ്ങിയത്. എന്നാല്‍ രണ്ടാം തരംഗം ശക്തമായതോടെ ഊട്ടി നിശ്ചലമായി. വിനോദസഞ്ചാര മേഖലയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് കാര്യങ്ങളുടെ പോക്ക്. 

തിങ്കളാഴ്ച രാവിലെ വാഹനങ്ങള്‍ പരിശോധിക്കാന്‍ കളക്ടര്‍ ഇന്നസെന്റ് ദിവ്യ മുന്നിട്ടിറങ്ങി. ഊട്ടി സ്റ്റീഫന്‍ ചര്‍ച്ച് ജങ്ഷന്‍, ചേറിങ് ക്രോസ് എന്നിവിടങ്ങളില്‍ വെച്ചാണ് കളക്ടര്‍ വാഹനങ്ങള്‍ പരിശോധന നടത്തിയത്.

അത്യാവശ്യകാര്യങ്ങള്‍ക്ക് വ്യക്തമായ രേഖകളുമായി എത്തുന്നവര്‍ക്ക് മാത്രമേ യാത്രാ അനുമതി നല്‍കുന്നുള്ളൂ. അനാവശ്യമായി വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കെതിരേ കേസ് എടുക്കാനും വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനും കളക്ടര്‍ ഉത്തരവിട്ടു.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ റോഡുകള്‍ വിജനമായി കാണപ്പെട്ടു. ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 179 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Content Highlights: Strict rules in Ooty, Nilgiri tourism, covid 19