തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുകൂടി എത്തിക്കുന്നതിന് പുത്തന്‍ പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ്. സ്ട്രീറ്റ് എന്നുപേരിട്ടിരിക്കുന്ന പദ്ധതി ഏഴ് ജില്ലകളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് നടപ്പാക്കുക. ഉത്തരവാദിത്വ ടൂറിസം മിഷനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ കോഴിക്കോട് കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂരിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയത്തെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോട് വലിയപറമ്പ്, ഇടുക്കിയിലെ കാന്തല്ലൂര്‍, വയനാട്ടിലെ ചേകാടി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) 'ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന മുദ്രാവാക്യമാണ് സ്ട്രീറ്റിന്റെ പ്രചോദനം. Sustainable (സുസ്ഥിര), Tangible (മൂര്‍ത്തമായ), Responsible (ഉത്തരവാദിത്തമുള്ള), Experiental (അനുഭവ), Ethnic (വംശീയ), ടൂറിസം കേന്ദ്രങ്ങളുടെ ചുരുക്കപ്പേരാണ് സ്ട്രീറ്റ്. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, ഗ്രാമീണ ജീവിതാനുഭവ സ്ട്രീറ്റ്, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രിടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന തീമുകള്‍. ഈ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളുമായി ഇണങ്ങിച്ചേരുന്നതാണ് ഈ തീമുകള്‍.

ടൂറിസം മേഖലയിലെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതയാണ് പദ്ധതി നല്‍കുന്നതെന്നും ഇത് കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 'നമ്മുടെ സംസ്ഥാനത്തിന്റെ തനത് വ്യക്തിത്വം യാത്രക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തെ ടൂറിസം വികസനവും ജനങ്ങളുടെ സാധാരണ ജീവിതവും തമ്മില്‍ പരസ്പര പ്രയോജനകരമായ ജൈവബന്ധം വളര്‍ത്തും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ടൂറിസം മേഖലയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കാനും പദ്ധതി സഹായിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു.

പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡിലാണ് പദ്ധതി നടപ്പിലാക്കുക. കൂടാതെ സ്ഥലവാസികളും തദ്ദേശ സ്ഥാപനങ്ങളും 'സ്ട്രീറ്റി'ല്‍ പങ്കാളികളാവും.

Content Highlights: STREET, kerala responsible tourism mission, kerala tourism