പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ശ്രീനഗർ: സഞ്ചാരികൾക്ക് യാത്രയുടെ പുത്തൻ അനുഭവമൊരുക്കാനൊരുങ്ങി കശ്മീർ. ശ്രീനഗറിലെ പ്രധാന പൈതൃക കേന്ദ്രങ്ങളിലൂടെ ബസ് സർവീസ് നടത്തുകയാണ് കശ്മീരിലെ വിനോദസഞ്ചാര വകുപ്പ്. പ്രദേശത്തെ പൈതൃക സ്ഥലങ്ങൾ, പാചകരീതികൾ, കരകൗശലവസ്തുക്കൾ എന്നിവയെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് ആഴത്തിലുള്ള അറിവുനൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബുർഷാമ, ഹരിപർബത്ത്, ചതിപദ്ഷാഹി, ജാമിയ മസ്ജിദ്, ഹസ്രത്ബാൽ, ബുദ്ധമത സൈറ്റ് ഹർവാൻ, പാരി മഹൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതാണ് പുതിയ ടൂർ ബസ് സർവീസ്. കശ്മീരിലെ നിലവിലെ വിനോദസഞ്ചാര ആകർഷണങ്ങളുടെ കൂട്ടത്തിലേക്കുള്ള ഒന്നുകൂടി എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ടൂറിസം സെക്രട്ടറി സർമദ് ഹഫീസ് കന്നി ടൂർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. താഴ്വരയിൽ നൈറ്റ് സ്കീയിംഗും നൈറ്റ് ശിക്കാരയും ആരംഭിക്കുന്നതിനെ കുറിച്ചും ടൂറിസം വകുപ്പ് ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. എല്ലാം ശക്തമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും. കശ്മീരിലെ ട്രാവൽ, ടൂറിസം രംഗത്തെ എല്ലാവർക്കും പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗുൽമാർഗ്, ദൂദ്പത്രി, സോനാമാർഗ് എന്നിവിടങ്ങളിൽ വിനോദസഞ്ചാര വകുപ്പ് മഞ്ഞുകാല പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ചാണ് ഇത്.
ക്ഷേത്രങ്ങൾ, പള്ളികൾ, പുരാവസ്തു സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന കാശ്മീരിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങൾ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകുക. കാശ്മീരിലെ പാചകരീതികൾ അടുത്തറിയാനുള്ള നല്ലൊരു അവസരം കൂടിയാണിത്.
Content Highlights: Srinagar heritage tour bus service, kashmir tourism, night skiing, night shikara, travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..