ശ്രീലങ്കയെ ഇന്ത്യയുമായി അടുപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍ തമിഴ്‌നാടും തീര്‍ഥാടനകേന്ദ്രമായ ഗയയുമാണ്. എന്നാല്‍ ഭൂപ്രകൃതിയുടെയും ഭക്ഷണ-വേഷവിധാനങ്ങളുടെയും കാര്യത്തില്‍ കേരളവുമായാണ് ഈ ദ്വീപസമൂഹം ഏറ്റവും ചേര്‍ന്നുകിടക്കുന്നത്. മലയാളികളുടെ പ്രിയഭക്ഷണമായ പുട്ട് പോലും ശ്രീലങ്കയിലെ പ്രധാന വിഭവങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ സഞ്ചാരത്തില്‍ മലയാളികള്‍ക്കൊരു രണ്ടാംവീടായി മാറാനുള്ള സാധ്യത ശ്രീലങ്കയ്ക്കുണ്ട് - കേരളത്തിലെ ശ്രീലങ്കന്‍ ഓണററി കോണ്‍സലായ ജോമോന്‍ ജോസഫ് ഇടത്തല സംസാരിക്കുന്നു...

രാമായണത്തിലെ ഏടുകള്‍ ബന്ധിപ്പിച്ചുള്ള ശ്രീലങ്കയുടെ തീര്‍ഥാടന-വിനോദസഞ്ചാര പദ്ധതിയായ രാമായണ സര്‍ക്യൂട്ടിന്റെ പുരോഗതി?

രാമായണത്തിലെ ഏടുകള്‍ ശ്രീലങ്കയില്‍ ധാരാളമുണ്ട്. ഇന്ത്യയിലെ ഗയ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ബുദ്ധമതസ്ഥര്‍ക്കും പ്രധാനമാണ്. ഭൂപ്രകൃതി, സംസ്‌കാരം, ചരിത്രം എന്നിങ്ങനെ വിവിധ കാര്യങ്ങളിലായി ഇരുരാജ്യങ്ങളും ഇഴചേര്‍ന്നുകിടക്കുന്നു. 


ഈയൊരു സാധ്യത മുന്നില്‍കണ്ടുള്ള പദ്ധതിയാണ് രാമായണ സര്‍ക്യൂട്ട്. ഇന്ത്യക്കും വളരെയധികം പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. അതുപോലെ ഇന്ത്യക്ക് നയതന്ത്രപ്രധാനമായ പ്രദേശമാണ് ശ്രീലങ്ക. ചൈന പോലെയുള്ള രാജ്യങ്ങളുടെ ഇടപെടലുകള്‍ വര്‍ധിച്ചുവരുമ്പോള്‍, ഇതുപോലെയുള്ള പദ്ധതികള്‍ ഇരുരാജ്യങ്ങളുടെയും ബന്ധം ദൃഢമാക്കാന്‍ ഉപകാരപ്പെടും. 2007-ഓടെ ആരംഭിച്ച രാമായണ സര്‍ക്യൂട്ട് പദ്ധതിയുടെ ആദ്യ ഘട്ടം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. വിനോദസഞ്ചാരത്തിലും വാണിജ്യവ്യവസായ മേഖലകളിലും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്  ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിവരികയാണ്.

srilanka
Photo courtesy - http://www.srilanka.travel/

ശ്രീലങ്കയും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഈ പദ്ധതികള്‍ക്കെല്ലാം ഒരു വെല്ലുവിളിയല്ലേ?


ശ്രീലങ്കന്‍ സര്‍ക്കാറിനെയും ജനങ്ങളെയും കുറിച്ച് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. വിനോദസഞ്ചാരികള്‍ക്ക് ഒരു ഭയവും കൂടാതെ സഞ്ചരിക്കാവുന്ന സ്ഥലമാണ് ശ്രീലങ്കയെന്ന ബോധവത്കരണത്തിന് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പോലെയുള്ള പരിപാടികള്‍ സഹായകരമാകും. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. 

കോണ്‍സലിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ശ്രീലങ്കന്‍ ദ്വീപസമൂഹവുമായി അടുത്തുകിടക്കുന്ന സ്ഥലമാണ് കേരളം. വിനോദസഞ്ചാരം, വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തില്‍ നിന്ന് നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ കോണ്‍സല്‍ ലക്ഷ്യമിടുന്നു. ഭൂപ്രകൃതിയില്‍ കേരളവുമായി സാമ്യമുള്ളതിനാല്‍ ഇവിടെ എത്തുന്ന വിനോദസഞ്ചാരികളെയും ശ്രീലങ്കയുമായി ബന്ധിപ്പിക്കാം. കേരളത്തില്‍ നിന്ന് കാര്‍ഷിക രംഗത്ത് മുതല്‍മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വിശാലമായ വാതായനമാണ് ശ്രീലങ്ക തുറക്കുന്നത്. ജാഫ്‌ന പോലെയുള്ള വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ വളരെ പിന്നാക്കം നില്‍ക്കുന്നവയാണ്. റബ്ബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ക്ക് ഇവിടം ഉത്തമമാണ്.  ശ്രീലങ്കയെ കുറിച്ച് ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ അകറ്റുക എന്ന ലക്ഷ്യത്തോടെ കോണ്‍സുലേറ്റ് നടത്തിവരുന്ന പരിപാടിയാണ് നോയിങ് ശ്രീലങ്ക (ശ്രീലങ്കയെ അറിയാം). യുവതലമുറയെ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശ്രീലങ്കയെ കുറിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത പത്ത് വിദ്യാര്‍ഥികളെ, അധ്യാപകര്‍ക്കൊപ്പം ശ്രീലങ്ക സന്ദര്‍ശനത്തിന് കൊണ്ടുപോയി. ശ്രീലങ്കയെന്ന മനോഹരഭൂമിയെ സാധാരണക്കാരായ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ശ്രീലങ്കയിലെ കലാസാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കിയുള്ള മേള കൊച്ചിയില്‍ സംഘടിപ്പിച്ചു. മികച്ച പ്രതികരണമായിരുന്നു അതിന് ലഭിച്ചത്.

srilanka
Photo courtesy - http://www.srilanka.travel/

വടക്കന്‍ കേരളത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്?

ഒരുകാലത്ത് ഗള്‍ഫ് പോലെതന്നെ മലയാളികള്‍, പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലുള്ളവര്‍. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ശ്രീലങ്കയിലെത്തിയവര്‍ കബളിപ്പിക്കപ്പെട്ട് മടങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. അതില്‍ അധികവും വടക്കന്‍കേരളത്തില്‍ നിന്നാണ്. വ്യാജവാഗ്ദാനങ്ങളില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരെ സഹായിക്കാനുള്ള സംവിധാനങ്ങള്‍ പദ്ധതിയിലുണ്ട്. വടക്കന്‍ കേരളത്തില്‍ നിന്ന് ശ്രീലങ്കയിലേക്ക് സഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള വിവിധ പരിപാടികളും ഉടന്‍ ആരംഭിക്കും. കോട്ടയ്ക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ശ്രീലങ്കയില്‍ നിന്ന് ആയുര്‍വേദ വിനോദസഞ്ചാരത്തിന് നല്ല സാധ്യതയാണുള്ളത്. 

സമാന ഭൂപ്രകൃതിയുള്ള സമീപപ്രദേശങ്ങളാണ് ശ്രീലങ്കയും കേരളവും. ശ്രീലങ്കയിലെ ഈ പദ്ധതികള്‍ കേരളത്തിന്റെ വിനോദസഞ്ചാരത്തെ ബാധിക്കില്ലേ?

ഒരിക്കലുമില്ല. ഈ പദ്ധതികളിലൂടെയെല്ലാം വിനോദസഞ്ചാരികളെ കൈമാറ്റം ചെയ്യപ്പെടുകയാണ്. ഉദാഹരണത്തിന്, കേരളത്തില്‍ നിന്നുള്ള റിസോര്‍ട്ടുകള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍, അവിടെ എത്തുന്ന അതിഥികളെ സ്വാഭാവികമായും സ്ഥാപനം കേരളത്തിലേക്കും സ്വാഗതം ചെയ്യും. അതുപോലെ ശ്രീലങ്ക ഇഷ്ടപ്പെടുന്ന സന്ദര്‍ശകന്, സമീപത്തുള്ള കേരളത്തെ കുറിച്ച് അറിയാനും അവിടെ എത്തിച്ചേരാനും തീര്‍ച്ചയായും ആഗ്രഹമുണ്ടാകും. കുട്ടനാട് പോലുള്ള പ്രദേശങ്ങളും ആയര്‍വേദ ചികിത്സകളുമെല്ലാം കേരളം കൂടി കണ്ടിട്ടുപോകാന്‍ അവരെ പ്രേരിപ്പിക്കും.

srilanka
Photo courtesy - http://www.srilanka.travel/

വിനോദസഞ്ചാരത്തില്‍ ശ്രീലങ്കയില്‍ നിന്ന് കേരളത്തിന് എന്തെല്ലാം പഠിക്കാനുണ്ട്?

വൃത്തിയുടെ കാര്യത്തില്‍ കേരളത്തിന് മാതൃകയാക്കാവുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ശ്രീലങ്ക. സന്ദര്‍ശകര്‍ വഴിയിലെറിയുന്ന കുപ്പികള്‍ തിരികെ എടുത്ത് ചവറ്റുകൊട്ടയില്‍ ഇടുന്ന ടാക്‌സി ഡ്രൈവര്‍മാരെ നിങ്ങള്‍ക്ക് അവിടെ കാണാന്‍ സാധിക്കും. പൗരന്‍മാര്‍ അവരുടെ രാജ്യത്തെക്കുറിച്ച് അത്രയ്ക്കും ബോധവാന്‍മാരാണ്. വിനോദസഞ്ചാരികളോടുള്ള പൗരന്‍മാരുടെ മനോഭാവത്തിന് ശ്രീലങ്ക ലോകോത്തര മാതൃക തന്നെയാണ്.