ശ്രീലങ്ക: രാവണന്റെ വ്യോമപാതയെക്കുറിച്ച് പഠിക്കാന്‍ ഗവേഷണപദ്ധതിക്ക് നേതൃത്വം നല്‍കി ശ്രീലങ്കന്‍ ഏവിയേഷന്‍ അതോറിറ്റി. രാവണന്റെ സഞ്ചാരപാതയെക്കുറിച്ച് സൂചനനല്‍കുന്ന രേഖകളോ സാഹിത്യമോ കൈവശമുള്ളവര്‍ വ്യോമയാന അധികൃതരുമായി ബന്ധപ്പെടുക എന്നു പറഞ്ഞുകൊണ്ടുള്ള പത്രപ്പരസ്യവും കഴിഞ്ഞ ദിവസം ഒരു സിംഹള ദിനപത്രത്തില്‍ ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിദ്ധീകരിച്ചു. 

'രാവണരാജാവും അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട വ്യോമപാതയും' എന്നാണ് ഗവേഷണപദ്ധതിയുടെ പേര്.

Ravanan
വര : മദനന്‍/ മാതൃഭൂമി ലൈബ്രറി

രാവണനെക്കുറിച്ച് ഒട്ടേറെ കഥകളുള്ളതിനാല്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം. രാവണന്‍ പുഷ്പകവിമാനത്തില്‍ പറന്നതിനെക്കുറിച്ച് ഒട്ടേറെ കഥകള്‍ നിലനില്‍ക്കേ, ശ്രീലങ്കയിലെ വ്യോമയാനവകുപ്പ് എന്ന നിലയില്‍ രാവണന്‍ സ്വീകരിച്ച വ്യോമപാതകളെക്കുറിച്ച് ആധികാരികമായി അറിയണമെന്നുള്ളതിനാലാണ് പദ്ധതിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്കായി രാമായണയാത്ര സംഘടിപ്പിക്കുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണം ലങ്കാധിപതിയും രാക്ഷസരാജാവുമായ രാവണന്റെ വീരകഥകളാണ്. കഴിഞ്ഞ ജൂണില്‍ ശ്രീലങ്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹത്തിന് രാവണ-1 എന്ന പേരാണ് അവര്‍ നല്‍കിയത്. ആധുനിക വ്യോമയാനത്തിന്റെ തുടക്കം റൈറ്റ് സഹോദരങ്ങളിലൂടെയാണെങ്കിലും തങ്ങളുടെ ധീരരാജാവ് രാവണന്‍ 'ദണ്ഡു മോനര' എന്ന പറക്കുംയന്ത്രം ഉപയോഗിച്ചതായി ഇതിഹാസങ്ങളില്‍ പറയുന്നുണ്ടെന്ന് ശ്രീലങ്കന്‍ വ്യോമയാനമന്ത്രി നിമല്‍ സിരിപാല 2016-ല്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു.

Content Hoghlights: Sri Lanka to Trace Route of Ravana, Sri Lanka Civil Aviation, Travel News