സില്‍ക്ക് റൂട്ട് പോലെ കേരളത്തിന്റെ ചരിത്രപാതയാണ് സ്പൈസ് റൂട്ട്. കേരളക്കരയിലെ തുറമുഖങ്ങളില്‍ നിന്ന് കപ്പലില്‍ പശ്ചിമേഷ്യയിലേക്കും അവിടെ നിന്ന് കരമാര്‍ഗത്തില്‍ യൂറോപ്പിലേക്കും സുഗന്ധദ്രവ്യങ്ങള്‍ എത്തിച്ചിരുന്ന പാത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ഈ വീഥി പുനരുദ്ധരിക്കുന്നതിനുള്ള നടപടികളുമായി ഐക്യരാഷ്ട്ര സഭ രംഗത്ത് എത്തിയിരിക്കുകയാണ്.
മുസിരിസ് പൈതൃക പദ്ധതിയുടെ തുടര്‍ച്ചയായ സ്പൈസ് റൂട്ടിന്് ഡച്ച് എംബസിയും സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
സ്പൈസ് റൂട്ടുമായി ബന്ധപ്പെട്ട് മന്ത്രി അറിയിച്ച കാര്യങ്ങള്‍ ഇവയാണ് -
സ്പൈസ് റൂട്ടുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ വാണിജ്യ പൈതൃകത്തെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സെമിനാര്‍ മെയ് മാസത്തില്‍ നടത്തുന്നതിനെക്കുറിച്ച് ഡച്ച് അംബാസിഡറും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയിലെത്തി. ഇതിന് മുന്നോടിയായി കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ ഉദയവും അസ്തമയത്തെയും കുറിച്ച് പ്രൊഫ. രാഘവവാര്യര് പ്രബന്ധം തയാറാക്കും.
തുറമുഖ പട്ടണ പ്രദേശങ്ങളില്‍ ചരിത്ര വിദ്യാര്‍ഥികളുടെ ചെറുഗ്രൂപ്പുകള്‍ രൂപീകരിച്ച്, അവരുടെ നേതൃത്വത്തില്‍ പുരാതന മണ്‍കല-പിഞ്ഞാണ അവശിഷ്ടങ്ങളുടെ സര്‍വേ നടത്തും.

അതോടൊപ്പം മൊറോക്കന്‍ കൗണ്‍സിലര്‍ തന്നെ സന്ദര്‍ശിച്ചതായും മൊറോക്കയില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഇബിന്ബത്തുത്ത സെമിനാറിലേക്ക് ക്ഷണിച്ചതായും മന്ത്രി അറിയിച്ചു. ഇബിന്ബത്തുത്ത സന്ദര്‍ശിച്ച എല്ലാ പ്രധാന പ്രദേശങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഈ സെമിനാറില്‍ ഉണ്ടാകും. സ്പൈസസ് റൂട്ട് സംബന്ധിച്ച ആശയവും അവര്‍ക്ക് സ്വീകാര്യമായിരുന്നതായും മന്ത്രി അറിയിച്ചു.