മഡ്രിഡ്: വിനോദസഞ്ചാരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി സ്‌പെയിന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് ജൂണ്‍ ഏഴുമുതല്‍ സ്‌പെയിനിലേക്ക് പറക്കാനാകും.

സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെയിനിലെ മഡ്രിഡില്‍ വെച്ചുനടന്ന ടൂറിസം ഫെയറിനിടെയാണ് സാഞ്ചസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയ്ക്കും സ്‌പെയിനിലേക്ക് പ്രവേശിക്കാം. ആദ്യഘട്ടമെന്ന നിലയില്‍ ഇന്നു മുതല്‍ ബ്രിട്ടീഷ് സഞ്ചാരികളെ സ്‌പെയിന്‍ സ്വാഗതം ചെയ്തു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് സഞ്ചാരികള്‍ കൈയ്യില്‍ കരുതണം. 

ലോകത്തിലേറ്റവുമധികം സഞ്ചാരികളെത്തുന്ന രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖല നിശ്ചലമായി. 2019-ല്‍ 83.5 മില്യണ്‍ സഞ്ചാരികളാണ് രാജ്യത്തെത്തിയത്. എന്നാല്‍ 2020-ല്‍ അതിന്റെ വെറും 23 ശതമാനം സഞ്ചാരികള്‍ മാത്രമാണ് സ്‌പെയിനിലെത്തിയത്. ഈ വര്‍ഷം ഏകദേശം 45 മില്യണ്‍ സഞ്ചാരികളെയാണ് സ്‌പെയിന്‍ ലക്ഷ്യം വെയ്ക്കുന്നത്.

Content Highlights: Spain to welcome vaccinated travellers from June 7