മഡ്രിഡ്: കോവിഡ് വാക്‌സിനെടുത്ത എല്ലാ സഞ്ചാരികളെയും സ്വീകരിക്കാനൊരുങ്ങി സ്‌പെയിന്‍ ടൂറിസം. രാജ്യത്ത് ടൂറിസം അതിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. 

സ്‌പെയിനില്‍ കോവിഡ് രോഗികള്‍ കുറവാണെന്നും ഇപ്പോള്‍ രാജ്യം സന്ദര്‍ശിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും സ്‌പെയിന്‍ ആരോഗ്യമന്ത്രി കരോളിന ഡാരിയാസ് വ്യക്തമാക്കി. പക്ഷേ സ്‌പെയിനിലേക്ക് ഏറ്റവുമധികം സഞ്ചാരികളെ സംഭാവന ചെയ്യുന്ന യുണൈറ്റഡ് കിങ്ഡത്തെ ഇപ്പോഴും രാജ്യം ചുവപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 

വാക്‌സിനെടുക്കാത്ത മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും സ്‌പെയിനിലേക്ക് പറക്കുന്നതിന് വിലക്കില്ല. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെങ്കിലും എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതിയാല്‍ മതി. 

സ്‌പെയിനിന്റെ സാമ്പത്തിക രംഗത്ത് നിര്‍ണായക സ്ഥാനമാണ് ടൂറിസം മേഖലയ്ക്കുള്ളത്. കൂടുതല്‍ സഞ്ചാരികളെ സ്വീകരിക്കുന്നതോടെ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് സ്‌പെയിന്‍.

Content Highlights: Spain is now open to all vaccinated travellers