പുരി: ഒഡിഷയിലെ പുരി റെയില്‍വേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്കുയരുന്നു. ലോകപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കെത്തുന്ന സഞ്ചാരികളാണ് പ്രധാനമായും ഈ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

റെയില്‍ ലാന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി വാസ് ചെയര്‍മാന്‍ വേദ്പ്രകാശ് ദുദേജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിലെ ഏറ്റവും തിരക്കേറിയ സ്‌റ്റേഷനാണ് പുരി. നിലവില്‍ എട്ട് പ്ലാറ്റ്‌ഫോമുകളിലായി 52 ട്രെയിനുകളാണ് പുരിയില്‍ സര്‍വീസ് നടത്തുന്നത്.

ലഗേജ് സെക്യൂരിറ്റി, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ആര്‍ട്ട് ഗാലറി, ചെക്ക് ഇന്‍ ഏരിയ, ലിഫ്റ്റ്, എസ്‌കലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കും. മഴവെള്ള സംഭരണികളും സോളാര്‍ പ്ലാന്റുകളും സ്റ്റേഷനില്‍ സ്ഥാപിക്കുന്നുണ്ട്. സോളാറിലായിരിക്കും റെയില്‍വേ സ്‌റ്റേഷന്‍ മുഴുവനായി പ്രവര്‍ത്തിക്കുക.

ജഗന്നാഥക്ഷേത്രത്തിന് പുറമേ പുരിയില്‍ പുരി ബീച്ച്, സ്വാര്‍ഗദ്വാര്‍ ബീച്ച്, ബല്ലിഗായ് ബീച്ച് എന്നീ സഞ്ചാര കേന്ദ്രങ്ങളുമുണ്ട്. പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര ലോകപ്രശസ്തമാണ്. ലക്ഷങ്ങളാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കാറ്.

Content Highlights: Soon Puri Railway Station will be transformed into a world-class transit hub