കൊടുങ്ങല്ലൂർ: സഞ്ചാരികൾക്കായി മുസിരിസ് ഓളപ്പരപ്പിൽ ഇനി സൗരോർജ ബോട്ടും. ഇതിനായി കൊച്ചി രാജ്യാന്തര വിമാനത്താവളം കമ്പനി (സിയാൽ) മുസിരിസ് പൈതൃക പദ്ധതിക്ക് നടത്തിപ്പിനായി കൈമാറിയ ബോട്ട് ബുധനാഴ്ച വൈകീട്ട് കോട്ടപ്പുറം കായലോരത്തെത്തി.

സിയാലിന്റെ ഉപകമ്പനിയായ കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെയാണ് ബോട്ട്. പശ്ചിമതീര കനാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഈ കമ്പനിയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വിനോദസഞ്ചാര മേഖലയിലുണ്ടായ ഉണർവിന്റെ പശ്ചാത്തലത്തിലാണ്, പശ്ചിമതീര കനാലുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ സിയാലിന്റെ സൗരോർജ ബോട്ട് മുസിരിസ് പൈതൃക പദ്ധതിയുടെ യാത്രാ സർക്യൂട്ടിൽ ഉൾപ്പെടുത്തിയത്.

24 സീറ്റുകളുള്ള സൗരോർജ ബോട്ടിൽ 15 സോളാർ പാനലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഒരുതവണ ചാർജ് ചെയ്താൽ അഞ്ചുമണിക്കൂർ വരെ യാത്രചെയ്യാൻ കഴിയും. ബോട്ടിലെ 12 സീറ്റുകൾ ശീതീകരിച്ചതാണ്. ഒരാഴ്ചയോളം മുസിരിസിന്റെ യാത്രാ സർക്യൂട്ടിൽ പരിശീലന ഓട്ടം നടത്തി ബോട്ടിന്റെ സർവീസ് ഘടന എങ്ങനെവേണമെന്ന് തീരുമാനിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി എം.ഡി. പി.എം. നൗഷാദ് പറഞ്ഞു.

കോട്ടപ്പുറം ജെട്ടിയിലെത്തിച്ച ബോട്ട് സിയാൽ ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ്‌കുമാർ, മുസിരിസ് മാർക്കറ്റിങ്‌ മാനേജർ ഇബ്രാഹിം സബിന് കൈമാറി. മ്യൂസിയം മാനേജർ സജന വസന്തരാജ്, ജൂനിയർ എക്‌സിക്യുട്ടീവുമാരായ അഖിൽ എസ്. ഭദ്രൻ, ഹരൺദത്ത്, പി.ഡി. ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.

Content Highlights: Solar Boat, Muziris Heritage Tourism, Kerala Tourism