മൂന്നാർ (ഫയൽ ചിത്രം) | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
തെക്കിന് കശ്മീരെന്നാണ് മൂന്നാറിനെ അറിയപ്പെടുന്നത്. മഞ്ഞു വീഴുന്ന താഴ്വാരം. ഇത്തവണ വലിയ തണുപ്പാണ് മൂന്നാറില്‍. ജനുവരിതൊട്ട് പല ദിവസങ്ങളിലും മൈനസ് തൊടുന്ന അവസ്ഥ. കുളിരേറിയ ഈ കാലാവസ്ഥ അനുഭവിക്കാന്‍ മറുനാടുകളില്നിന്നുവരെ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്.
മഞ്ഞുവീണ ദിനം
നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലത്തില്‍ ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ എട്ടുവരെ മൂന്നാറിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച പൊടുന്നനെ മൈനസ് രണ്ടിലേക്ക് താഴ്ന്നതോടെ മൂന്നാറില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു. ചെണ്ടുവരയിലാണ് ആദ്യമായി മഞ്ഞുവീണത്. ചൊവ്വാഴ്ച താപനില വീണ്ടും താഴ്ന്ന് മൈനസ് മൂന്ന് ഡിഗ്രിയില്‍ എത്തി. അതോടെ കന്നിമല, പെരിയവര, ദേവികുളം, ലാക്കാട്, ഒ.ഡി.കെ, പാമ്പാടുംചോല എന്നിവിടങ്ങളിലെല്ലാം വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി.
അതിശൈത്യം എന്ന വാര്‍ത്ത പരന്നതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. തണുപ്പും മഞ്ഞുവീഴ്ചയും ആസ്വദിക്കുന്നതിനായി അതിരാവിലെ തന്നെ മൂന്നാറിന്റെ ഉള്‍പ്രദേശങ്ങളില്‍ വരെ സഞ്ചാരികള്‍ എത്തി. ശനിയാഴ്ചയും മേഖലയില്‍ കൊടുംതണുപ്പ് തുടരുകയാണ്.
തേയിലയ്ക്ക് വെല്ലുവിളി
തണുപ്പും മഞ്ഞുവീഴ്ചയും വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുമെങ്കിലും തേയില കൃഷിക്ക് വന്‍ ഭീഷണിയാണ്. തേയില ചെടികള്‍ക്ക് മുകളില്‍ വീഴുന്ന മഞ്ഞ് വെയിലേറ്റ് ഉരുകുമ്പോള്‍ തേയിലച്ചെടികള്‍ ഉണങ്ങി നശിക്കാറാണ് പതിവ്. ഇത് തോട്ടങ്ങള്‍ക്ക് വലിയ നഷ്ടങ്ങളുണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തിലുണ്ടായ കൃഷിനാശം തേയിലയുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. മഞ്ഞുവീഴ്ചയുള്ള സമയങ്ങളില്‍ അതിരാവിലെ ജോലിക്ക് എത്തുന്നതിന് തൊഴിലാളികള്‍ക്ക് സാധിക്കാറില്ല. ഇത് തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കും.
Content Highlights: snowfall in munnar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..