പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എൻ.ഐ
വിനോദസഞ്ചാരികളുടെ പ്രിയ ഇടമായ ധര്‍മശാലയില്‍ നിന്ന് മക്ലിയോഡ്ഗഞ്ചിലേക്ക് ഇനി വെറും അഞ്ച് മിനിറ്റുകൊണ്ട് എത്താം. ധരംശാല സ്‌കൈവേ എന്ന് പേരിട്ടിരിക്കുന്ന റോപ് വേയാണ് ഇത് സാധ്യമാക്കുന്നത്. 200 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 1.8 കിലോമീറ്ററാണ് റോപ് വേയുടെ ആകെ ദൂരം.
റോപ്പ് വേ ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് ധര്‍മശാലയില്‍ നിന്ന് മക്ലിയോഡ്ഗഞ്ചിലേക്ക് യാത്ര ചെയ്യാം. ഹിമാചല്‍ പട്ടണങ്ങളുടെ മനോഹരമായ ആകാശ കാഴ്ചകളാണ് ഈ യാത്രയില്‍ സഞ്ചാരിയെ കാത്തിരിക്കുന്നത്. ഓരോ മണിക്കൂറിലും 1000 പേരെ വഹിക്കാനുള്ള ശേഷി റോപ്‌വേയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഉയര്‍ന്ന സീസണില്‍, ധര്‍മ്മശാലയെയും മക്ലിയോഡ്ഗഞ്ചിനെയും ബന്ധിപ്പിക്കുന്ന റോഡ് പതിവായി ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ചിരുന്നു. റോപ് വേ വന്നതോടെ യാത്രാസമയം ഏതാണ്ട് 40 ശതമാനം കുറയും. 207 കോടി രൂപ ചെലവിലാണ് റോപ് വേ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതില്‍ രണ്ട് സ്റ്റേഷനുകളും 10 ടവറുകളും ഉണ്ടെന്നും ധര്‍മ്മശാല സ്‌കൈവേ ഉദ്ഘാടനം ചെയ്തുകൊണ്ട് ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദലൈലാമ ക്ഷേത്രത്തിന് മുന്നിലാണ് റോപ്പ്‌വേയുടെ ടോപ്പ് സ്റ്റേഷന്‍. കൂടാതെ മോണോ കേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോളസ് ടെക്‌നോളജിയാണ് ഉപയോഗിച്ചത്. നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ തെളിയിക്കപ്പെട്ട ഫലപ്രദമായ നഗര ഗതാഗത സാങ്കേതികവിദ്യയാണിത്.
ധര്‍മ്മശാലയില്‍ നിന്ന് മക്ലിയോഡ്ഗഞ്ചിലേക്കുള്ള ഈ റോപ്പ്‌വേയില്‍ യാത്ര ചെയ്യുന്നതിനുള്ള വണ്‍ വേ താരിഫ് ഒരാള്‍ക്ക് 300 രൂപയും ടു വേ താരിഫ് ഒരാള്‍ക്ക് 500 രൂപയുമാണ്.
Content Highlights: sky way dharamshala, Dharamshala to Mcleodganj in just 5 minutes, himachal tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..