ആകാശ സൈക്ലിങ് | മാതൃഭൂമി ഇ പേപ്പർ
തിരുവനന്തപുരം: ആക്കുളം വിനോദസഞ്ചാര വില്ലേജിൽ ആകാശ സൈക്ളിങ് ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് (ഡി.ടി.പി.സി.) ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സ്കൈ സൈക്ലിങ് ഉൾപ്പെടെയുള്ള സാഹസികവിനോദങ്ങൾ ഒരുക്കുന്നത്.
ആക്കുളത്തെ മുഴുവൻ പ്രകൃതിഭംഗിയും ആസ്വദിച്ച് ആകാശത്തിലൂടെ സൈക്കിൾ ചവിട്ടാനുള്ള പദ്ധതിയാണ് ഡി.ടി.പി.സി. ഒരുക്കുന്നത്.
സ്കൈ സൈക്ലിങ്ങും സിപ് ലൈനും ഉൾപ്പെടെയുള്ള സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തി പരിചയമുള്ള സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് ഡി.ടി.പി.സി. ടെൻഡർ ക്ഷണിച്ചിരുന്നു. താല്പര്യമുള്ള നിക്ഷേപകരുമായി കഴിഞ്ഞ മാസം ചർച്ചയും നടന്നു. 18 സ്വകാര്യ സ്ഥാപനങ്ങളാണ് താല്പര്യം പ്രകടിപ്പിച്ചു രംഗത്തുള്ളത്. കോവിഡിനു മുൻപ് ഒട്ടേറെ സഞ്ചാരികൾ ദിനംപ്രതി എത്തിയിരുന്നയിടമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്.
കുട്ടികളുടെ ഉദ്യാനം, വ്യോമസേനാ മ്യൂസിയം, സൈക്കിൾ പാർക്ക്, നീന്തൽക്കുളം, സംഗീത ജലധാര, ഓഡിറ്റോറിയം തുടങ്ങിയവ ടൂറിസ്റ്റ് വില്ലേജിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
സ്കൈ സൈക്ലിങ്
പേരു സൂചിപ്പിക്കും പോലെ ആകാശ സൈക്ലിങ് എന്നാൽ ഉയരത്തിൽ കെട്ടിയ കയറിലൂടെ സൈക്കിൾ ചവിട്ടുന്ന ഒരു സാഹസിക വിനോദമാണ്. പൂർണമായും സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയാണ് ഇതു പ്രവർത്തിക്കുന്നത്. ഉയരത്തിൽ സൈക്കിൾ ചവിട്ടുന്നതിനോടൊപ്പം ചുറ്റുമുള്ള പ്രകൃതിഭംഗിയും ആസ്വദിക്കാം. നിലവിൽ പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പോത്തുണ്ടി അണക്കെട്ടിനോടു ചേർന്നുള്ള ഉദ്യാനത്തിൽ സ്കൈ സൈക്ലിങ് നടത്തുന്നുണ്ട്. സാഹസിക വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ് ഈ വിനോദം.
കോവിഡ് വ്യാപനം തലസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം കർശനമാണ്. എന്നിരുന്നാലും ആക്കുളത്ത് അനന്തമായ സാധ്യതകളുണ്ട്. മൂന്നാം തരംഗത്തിനു ശേഷം കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും. വേളിയിൽ നീന്തൽക്കുളം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ കൂടുതൽ പദ്ധതികൾക്കായുള്ള സാധ്യതാപഠനം നടക്കുന്നുണ്ട്.
- ഷാരോൺ വീട്ടിൽ, ഡി.ടി.പി.സി. സെക്രട്ടറി


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..