Photo: twitter.com/sharjah24
യു.എ.ഇ.യിലെ ആദ്യത്തെ ഔദ്യോഗിക പാരാഗ്ലൈഡിങ് ലൈസന്‍സുള്ള കേന്ദ്രം അടുത്ത തിങ്കളാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും. സാഹസിക വിനോദസഞ്ചാരത്തിന് ഷാര്‍ജ നിക്ഷേപ വികസനവകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ സ്കൈ അഡ്വഞ്ചേഴ്സ് പാരാഗ്ലൈഡിങ് സെന്ററാണ് ആവേശം പകരാനൊരുങ്ങുന്നത്.
അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ചാമ്പ്യന്‍ഷിപ്പിന് ശേഷം തിങ്കളാഴ്ചമുതല്‍ അതിഥികള്‍ക്കായി കേന്ദ്രം തുറക്കുമെന്ന് ഷാര്‍ജയിലെ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ ഇസാം അല്‍ ഖാസിമി പറഞ്ഞു. ശൈഖ് ഖാലിദിന്റെ സാന്നിധ്യത്തിലായിരുന്നു ഷാര്‍ജയുടെ മധ്യമേഖലയില്‍ അല്‍ ഫയ റിട്രീറ്റിന് സമീപമായുള്ള പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാന്‍ പാകത്തിലുള്ള മനോഹരമായ മരുഭൂകാഴ്ചകള്‍ ആകാശത്ത് പറന്നുനടന്ന് കാണാന്‍ അവസരമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, മേഖലയില്‍ ഒട്ടേറെ കച്ചവടനിക്ഷേപ സാധ്യതകള്‍ക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, ഷുറൂഖ് ആക്ടിങ് സി.ഇ.ഒ. അഹമ്മദ് ഉബൈദ് അല്‍ ഖസീര്‍, മുഹമ്മദ് യൂസഫ് അബ്ദുള്‍റഹ്മാന്‍, എമിറേറ്റ്സ് ഏറോസ്പോര്‍ട്സ് ഫെഡറേഷന് പ്രസിഡന്റ് നാസര്‍ ഹമൂദ അല്‍ നെയാദി, ഫെഡറേഷന് വൈസ് പ്രസിഡന്റ് യൂസഫ് ഹസ്സന് അല്‍ ഹമ്മാദി, ഷാര്‍ജ ടൂറിസം ആന്‍ഡ് കൊമേഴ്സ് ഡെവലപ്മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ) ചെയര്മാന് ഖാലിദ് അല്‍ മിദ്ഫ, ഷാര്‍ജ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് ഈസ ഹിലാല്‍ അല്‍ ഹസാമി എന്നിവരും പ്രഖ്യാപനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങള്‍ പകരുന്ന മൂന്ന് പാക്കേജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവില്‍ 'സ്കൈ അഡ്വഞ്ചേഴ്സി'ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാന്‍ സാധിക്കുന്ന ടാന്‍ഡം പാരാഗ്ലൈഡിങ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ലൈസന്‍സ് നേടാമെന്നും പഠിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്സ്, നിലവില്‍ ലൈസന്‍സുള്ള പാരാഗ്ലൈഡര്മാര്ക്കുള്ള ഗൈഡഡ് ഫ്ളൈറ്റുകള്‍ എന്നിവയാണ് മൂന്ന് പാക്കേജുകള്‍.
പാരാഗ്ലൈഡിങ്ങില്‍ ഒരു പരിചയവുമില്ലാത്തവര്‍ക്കും കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നതാണ് ടാന്‍ഡം പാരാഗ്ലൈഡിങ്. വിദഗ്ധ പരിശീലനം നേടിയ ട്രെയിനറോടൊപ്പമായിരിക്കും ഈ പറക്കല്‍.
കേന്ദ്രത്തില്‍നിന്ന് ബഗ്ഗിയില്‍ മരുഭൂമിയിലൂടെ അല്‍ ഫായ പര്‍വതനിരകളോട് ചേര്‍ന്നു കിടക്കുന്ന ടേക്ക് ഓഫ് പോയന്റിലേക്കുള്ള യാത്ര ചെയ്യുന്നതുമുതല്‍ അവിസ്മരണീയമായ ധാരാളം നിമിഷങ്ങള്‍ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. 15 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന പറക്കലാണ് ഈ പാക്കേജിലുണ്ടാവുക.
സ്വന്തമായി പാരാഗ്ലൈഡിങ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നാല് ദിവസത്തെ കോഴ്സും സ്കൈ അഡ്വഞ്ചേഴ്സില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന മൂന്ന് മണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന വിദഗ്്ധ പരിശീലനത്തിനൊടുവില്‍ അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് പറക്കാനുള്ള അവസരമുണ്ടാവും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള പാരാഗ്ലൈഡിങ് ലൈസന്‍സിന് അപേക്ഷിക്കാം.
നിലവില്‍ പാരാഗ്ലൈഡിങ് ലൈസന്‍സുള്ളവര്‍ക്ക് 5000 അടി വരെ ഉയരത്തില്‍ പറക്കാനും ഫ്ളെയിങ് ടൈം വര്‍ധിപ്പിക്കാനുമുള്ള പാക്കേജും ഇവിടെയുണ്ട്. സ്ഥിരമായി പാരാഗ്ലൈഡിങ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒരു മാസം, മൂന്ന് മാസം, ഒരു വര്‍ഷം എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി അംഗത്വ സൗകര്യവുമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി https://sky-adventures.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Content Highlights: Sky Adventures the first official paragliding licenced centre in the UAE
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..