നീലക്കുറിഞ്ഞി പൂക്കുന്നതുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരുപറ്റം മലനിരകള്‍ക്ക് നീലഗിരി എന്ന് പേരുവരാന്‍ കാരണം. ലോകപ്രശസ്ത ഉല്ലാസകേന്ദ്രമായ ഊട്ടി ഉള്‍പ്പെട്ട പ്രദേശം. ഇപ്പോള്‍ ഈ മലനിരകള്‍ മഞ്ഞപ്പട്ടണിഞ്ഞിരിക്കുകയാണ്. 

ഇവിടെയുള്ള സീഗമരങ്ങള്‍ പൂവണിഞ്ഞതോടെയാണ് നീലഗിരി മഞ്ഞപ്പട്ടുടുത്തത്. കണിക്കൊന്നപോലുള്ള പൂക്കള്‍. വര്‍ഷംതോറും ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണ് ഇവ പൂക്കുന്നത്.

ഊട്ടി-മേട്ടുപ്പാളയം, ഊട്ടി-ഗൂഡല്ലൂര്‍, ഊട്ടി-കോത്തഗിരി, ഊട്ടി-മസിനഗുഡി തുടങ്ങിയ റോഡുകളുടെ ഇരുവശങ്ങളിലും സീഗമരങ്ങള്‍ പൂത്ത് വര്‍ണവിസ്മയം ഒരുക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയാണ് സീഗമരങ്ങളുടെ ജന്മദേശം. വിറകിനുവേണ്ടിയാണ് ഇവ വളര്‍ത്തുന്നത്.