മട്ടാഞ്ചേരി: പണിമുടക്കിന്റെ രണ്ടാം നാള്‍ കൊച്ചിയിലേക്ക് എത്തിയ ആയിരത്തോളം വിദേശസഞ്ചാരികള്‍ നഗരം കണ്ട് മടങ്ങി. 'കോസ്റ്റ നിയോ റിവേര' എന്ന കപ്പല്‍ ബുധനാഴ്ച രാവിലെയാണ് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.

പണിമുടക്ക് സമരം പ്രഖ്യാപിച്ചിരുന്നതിനാല്‍ യാത്ര ഏര്‍പ്പാട് ചെയ്ത ടൂര്‍ ഏജന്‍സിയും കപ്പല്‍ ഏജന്‍സിയും വലിയ ആശങ്കയിലായിരുന്നു. അതേസമയം സഞ്ചാരികള്‍ക്ക് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതിന് ആവശ്യമുള്ളത്ര ബസുകളും ഓട്ടോറിക്ഷകളും കാറുകളും തുറമുഖത്ത് ഏര്‍പ്പാട് ചെയ്തിരുന്നു. കൊച്ചിയില്‍ പൊതുവേ ടാക്‌സികള്‍ സമരത്തിലായിരുന്നെങ്കിലും വിനോദ സഞ്ചാരികളുടെ യാത്രയെ അതൊന്നും ബാധിച്ചില്ല. 

കപ്പലില്‍നിന്ന് ഇറങ്ങിയ സഞ്ചാരികള്‍ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് പോയി. കൊച്ചിയിലെല്ലാം കടകള്‍ തുറന്നുപ്രവര്‍ത്തിച്ചതും സഞ്ചാരികള്‍ക്ക് സൗകര്യമായി. ഫോര്‍ട്ട്കൊച്ചി മേഖലയില്‍ പണിമുടക്ക് ബാധിച്ചിരുന്നില്ല. അതുകൊണ്ട് സഞ്ചാരികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ നഗരം കാണാന്‍ കഴിഞ്ഞു. വൈകീട്ട് ഇവരെല്ലാം കപ്പലിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ തവണ കൊച്ചിയില്‍ വിനോദസഞ്ചാര കപ്പല്‍ എത്തിയപ്പോഴും ഹര്‍ത്താലായിരുന്നു. എന്നാല്‍, സഞ്ചാരികളുടെ പോക്കുവരവിനെ ബാധിച്ചിരുന്നില്ല. കോസ്റ്റ നിയോ റിവേരയില്‍ 1,100 ഓളം സഞ്ചാരികളും 560 ജീവനക്കാരുമാണുണ്ടായിരുന്നത്. ഇവരിലേറെപ്പേരും കൊച്ചിയില്‍ ഇറങ്ങി.

Content Highlights: 48 Hours National Strike, Tourism in Kochi, Costa Neoriviera