
പുതുപൊന്നാനി മൈലാഞ്ചിക്കാട് കടലോരത്ത് ഒരുങ്ങുന്ന പാർക്ക് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
പൊന്നാനി: കാറ്റാടിമരത്തണലിൽ പൊന്നാനിയിലാദ്യമായി കടലോരത്ത് പാർക്കൊരുങ്ങുന്നു. അറബിക്കടലിന്റെ സൗന്ദര്യം വേണ്ടുവോളം നുകരാൻ പൊന്നാനി നഗരസഭയിലെ 42-ാം വാർഡിൽ പുതുപൊന്നാനി മൈലാഞ്ചിക്കാട് മേഖലയിൽ കടൽത്തീരത്താണ് പാർക്ക് തയ്യാറാകുന്നത്. ജനകീയാസൂത്രണ പദ്ധതിപ്രകാരം 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിക്കുന്നത്.
20 സെൻറ് സ്ഥലത്ത് നിർമിക്കുന്ന പാർക്കിൽ നിലത്ത് കട്ടവിരിച്ച് ബെഞ്ചുകളുൾപ്പെടെ ക്രമീകരിച്ചുകഴിഞ്ഞു. റോഡിനോടുചേർന്നുള്ള ഭാഗത്തെ കോൺക്രീറ്റ് പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂടാതെ പാർക്കിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. നേരത്തേ ഈ ഭാഗത്ത് കാറ്റാടിമരങ്ങൾ നട്ടുവളർത്തിയിരുന്നു. ഇവിടെയാണ് പാർക്ക് നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ കൂടുതൽ സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പാക്കും.
നഗരസഭ പൊതുമരാമത്തുവകുപ്പ് സ്ഥിരംസമിതി അധ്യക്ഷനും വാർഡ് കൗൺസിലറുമായ ഒ.ഒ. ഷംസുവിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പൊന്നാനിയിലെ കടലോരത്ത് പാർക്ക് ഒരുങ്ങുന്നത്. കടലാക്രമണഭീഷണിയില്ലാത്ത പ്രദേശമായതിനാലാണ് ഇവിടെ പാർക്ക് നിർമിക്കാൻ അനുമതി ലഭിച്ചത്. തുടർന്ന് കുട്ടികൾക്കായുള്ള കളിയുപകരണങ്ങളും പാർക്കിനോടുചേർന്ന് സ്ഥാപിക്കാൻ ആലോചനയുണ്ട്.
ദിവസവും നൂറുകണക്കിനു വിനോദസഞ്ചാരികളെത്തുന്ന പൊന്നാനി അഴിമുഖത്ത് പാർക്കും മറ്റു സൗകര്യങ്ങളും ഒരുക്കുന്ന കാര്യം നഗരസഭയുടെ ആലോചനയിലുണ്ടെന്ന് അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. അഴിമുഖത്ത് നിർമാണമാരംഭിക്കാൻ പോകുന്ന ഹൗറ മോഡൽ പാലത്തിന്റെ പണി പൂർത്തിയായ ശേഷമായിരിക്കും ഇതു നടപ്പാക്കുക.
Content Highlights: sea side park ponnani, malappuram tourism, malayalam travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..