Europe
യൂറോപ്പിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഷെങ്കന്‍ വിസ നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാവുന്നു. ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് നിലവിലുള്ള രീതി മാറ്റി ഡിജിറ്റലാക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വിസ സെന്ററിലോ ഒക്കെയാണ് ഷെങ്കണ്‍ വിസ നല്‍കുന്നത്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം വൈകാതെ തന്നെ വിസ ഓണ്‍ലൈന്‍ ആയും ലഭിക്കും. നിലവിലെ വിസ സ്റ്റിക്കറിന് പകരം ഡിജിറ്റല്‍ വിസകളായിരിക്കും ലഭിക്കുക. വിസ സ്റ്റിക്കറിലെ കൃത്രിമത്വവും മോഷണവും അവസാനിപ്പിക്കാനും നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനും ഡിജിറ്റലൈസേഷന്‍ സഹായിക്കും.
ഇത് പ്രകാരം പുതുതായി വരുന്ന പ്ലാറ്റ്‌ഫോം വഴി ഷെങ്കന്‍ വിസയ്ക്കുള്ള എല്ലാ അപേക്ഷകളും നല്‍കാനാവും. നടപടികളെല്ലാം ഒരൊറ്റ വെബ്‌സൈറ്റ് വഴിയാക്കും. പ്രത്യേക രജിസ്‌ട്രേഷനുകള്‍ ആവശ്യമായ രാജ്യങ്ങളുടെ വിസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ടാകും. സഞ്ചാരികള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഫീസുകള്‍ അടക്കാനും സാധിക്കും. വിസ അപേക്ഷയുടെ തുടര്‍നടപടികളും വെബ്‌സൈറ്റിലൂടെ തന്നെ അറിയാന്‍ സാധിക്കും.
അതേസമയം ആദ്യമായി ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാനാവില്ല. അവര്‍ പഴയ രീതിയില്‍ തന്നെ വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അസാധുവായ ബയോമെട്രിക് ഡാറ്റയുള്ളവര്‍ക്കും നേരിട്ട് കോണ്‍സുലേറ്റുകളില്‍ ഹാജറാവേണ്ടിവരും. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക,് ഗ്രീസ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലാത്വിയ, ലിച്ചന്‍സ്റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വിസ നിലവിലുള്ളത്.
Content Highlights: Schengen Visa procedure to be digitised soon, travel in Europe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..