തൊരു ‘പൊളി’യാത്രയാണ്, പൊളിക്കെതിരേയുള്ള യാത്രയുമാണ് ! കൈയിൽനിന്ന് കാശുമുടക്കി ഈ കട്ടച്ചങ്ങായിമാർ മൂന്നുരാജ്യങ്ങൾ സന്ദർശിക്കുന്നത് വെറുതെയല്ല. 'പ്രായമായ' വാഹനങ്ങളെ സംരക്ഷിക്കണമെന്ന സന്ദേശവുമായാണ്. ബുധനാഴ്ച രാവിലെ ഷെഡ്ഡിൽനിന്ന് 98 മോഡൽ കോണ്ടസ എടുക്കാൻ നിൽക്കുമ്പോൾ യാത്രാസംഘത്തിലെ ജാബിർ ആ 'പഴയ കൂട്ടുകാരന്റെ' 'എക്സ്ട്രാ സ്ട്രോങ് ' ബോഡിയിൽ സ്നേഹത്തോടെ ആഞ്ഞുതട്ടി:

'കണ്ടില്ലേ, ആള് പൊളിയാണ്, പവർഫുള്ളാണ്... പിന്നെയെന്തിന് പൊളിച്ചുകളയണം?'

സേവ് വിന്റേജ് വെഹിക്കിൾസ് എന്ന ബാനറുമായി പന്ത്രണ്ടായിരം കിലോമീറ്ററിലേറെ വരുന്ന യാത്രയ്ക്ക് ഇവർ ഇറങ്ങിത്തിരിച്ചതിന്റെ ലക്ഷ്യവും ജാബിർ വിശദീകരിച്ചു:

'ഇരുപതുവർഷമായ വാഹനങ്ങൾ എല്ലാം പൊളിച്ചുകളയണമെന്ന നിയമത്തിനെതിരാണ് ഞങ്ങൾ. വാഹനത്തിന്റെ പ്രായമല്ല, ഫിറ്റ്നസ് ആണുനോക്കേണ്ടത്. ഫിറ്റ് ആയ വാഹനങ്ങൾ പൊളിച്ചുകളഞ്ഞ് എന്തിനാണ് പിന്നെയും മാലിന്യം ഉണ്ടാക്കുന്നത്. പരിസ്ഥിതിക്ക് ദോഷമാണത്'

Vintage Vehicle Travel
'സേവ് വിന്റേജ് വെഹിക്കിൾസ്' യാത്ര മൊറയൂരിൽ യാത്രാസംഘത്തിലെ ജാബിറിന്റെ പിതാവ് മുഹമ്മദ് അബ്ദുൾറസാക്ക് ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

മൊറയൂരുകാരനായ പി. ജാബിറിനൊപ്പം മൂച്ചിക്കൽകാരായ കെ.പി. യൂനുസ്, കെ.പി. നിയാസ്, എളയൂരുകാരനായ കെ. അമീൻ എന്നിവരടങ്ങിയതാണ് യാത്രാസംഘം.. നാലുപേരും കോണ്ടസയെ പ്രണയിക്കുന്ന ഓൾ ഇന്ത്യാ സി.സി.ഐ. ഗ്രൂപ്പിലെ അംഗങ്ങൾ. ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രോത്സാഹനമാണ് ഈ യാത്രയുടെ പ്രധാന ഊർജമെന്ന് യൂനുസ് പറഞ്ഞു. അക്കൗണ്ടന്റുമാരായ നാലുപേരും യാത്രയ്ക്കുവേണ്ടി ഒരുമാസത്തിലധികം ലീവെടുത്തിരിക്കയാണ്. യാത്ര അത്രയും സമയമെടുക്കും. നാലുപേരും മാറിമാറി ഡ്രൈവ് ചെയ്യും. നാലുപേർക്ക് കിടക്കാൻ ടെന്റിനുള്ള സാധനങ്ങൾ കൈയിൽക്കരുതിയിട്ടുണ്ട്. സാധ്യമാകുന്ന സ്ഥലങ്ങളിൽ ടെന്റ് കെട്ടി അന്തിയുറങ്ങും. അല്ലാത്തയിടങ്ങളിൽ മുറിയെടുക്കും.

'കശ്മീർ ഉൾപ്പെടെയുള്ള ഇടങ്ങളിലൂടെ കാറോടിച്ച് ഒരു ഇന്ത്യൻ യാത്ര പണ്ടേ സ്വപ്നമായിരുന്നു. ഒപ്പം നേപ്പാളും ഭൂട്ടാനും', നിയാസ് അതു സാധിക്കാൻപോകുന്നതിന്റെ ത്രില്ലിലാണ്.

'ഡീസൽ, ഭക്ഷണം തുടങ്ങി യാത്രയ്ക്കാവശ്യമായ ചെലവെല്ലാം നാലുപേരുംചേർന്ന് എടുക്കും. രണ്ടുലക്ഷത്തിനുമുകളിൽ ചെലവുവരും. അതിൽ കൂടിയാലും ഞങ്ങൾക്കുപ്രശ്നമല്ല' വിന്റേജ് വാഹനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഇതെല്ലാമെന്ന് അമീനും പറയുന്നു.

യാത്ര ബുധനാഴ്ച രാവിലെ മൊറയൂരിൽ ജാബിറിന്റെ പിതാവ് മുഹമ്മദ് അബ്ദുൾറസാക്ക് ഫ്ലാഗ് ഓഫ് ചെയ്തു.

Content Highlights: save vintage vehicles, kerala to nepal bhutan travel, vintage vehicle lovers in kerala