കരിപ്പൂര്‍: സൗദിയിലേക്കു മടങ്ങേണ്ട പ്രവാസികള്‍ക്കു വീണ്ടും തിരിച്ചടി. ഖത്തര്‍ വഴി 'ഓണ്‍ അറൈവല്‍ വിസ'യില്‍ സൗദിയിലേക്കു യാത്രചെയ്യാനുദ്ദേശിച്ച പ്രവാസികള്‍ക്കാണു വിസ, വിമാനടിക്കറ്റ് നിരക്കുവര്‍ധന തിരിച്ചടിയായത്. 50,000 രൂപവരെയുണ്ടായിരുന്ന വിസ, വിമാനടിക്കറ്റ് നിരക്കുകള്‍ ഒരുലക്ഷത്തിനടുത്തെത്തി. ഖത്തര്‍ വഴി സൗദിയിലേക്കു മടങ്ങാനുദ്ദേശിച്ച ആയിരങ്ങളെ നിരക്കുവര്‍ധന ബാധിച്ചു.

നേരത്തേ യൂറോപ്പിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ വഴിയാണ് കൂടുതല്‍പേരും സൗദിയിലേക്കു മടങ്ങിയിരുന്നത്. രാജ്യത്തെ കോവിഡ് രണ്ടാംതരംഗം ഈ വഴികള്‍ അടച്ചു. ഇതോടെയാണു ഖത്തര്‍ വഴി സൗദിയിലേക്കു പോകാനുള്ള വഴിതെളിഞ്ഞത്. ഖത്തറില്‍ എത്തുമ്പോള്‍ ലഭിക്കുന്ന വിസയിയില്‍ അവിടെ ഏഴുദിവസം തങ്ങി യാത്രക്കാര്‍ക്കു ജിദ്ദയിലേക്കു പോകാമായിരുന്നു. മറ്റു രാജ്യങ്ങള്‍വഴി പോകുന്നതിന്റെ പകുതി നിരക്കുമാത്രമേ ഇതിനാവശ്യമുള്ളൂ. യാത്രക്കാര്‍ കൂടിയതോടെ വിസ, വിമാനനിരക്കുകള്‍ വര്‍ധിച്ചു. പെരുന്നാള്‍ കഴിഞ്ഞശേഷമുള്ള തിരക്കുകൂടി കണക്കിലെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടുമെന്നാണു കരുതുന്നത്.

സ്വന്തം രാജ്യത്തുനിന്നു രണ്ടുഡോസ് കോവിഡ് വാക്‌സിനെടുത്തതിന്റെ രേഖയും ഖത്തറില്‍ ഏഴുദിവസം സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞ രേഖകളും നല്‍കുന്നവര്‍ക്ക് സൗദിയിലേക്കു കടക്കാമായിരുന്നു. എന്നാല്‍ സൗദി ആരോഗ്യവകുപ്പിന്റെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പ്രവാസികള്‍ക്കു വിനയാകുന്നു. ഇന്ത്യയില്‍ രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരുടെ കൃത്യമായ വിവരങ്ങള്‍ സൗദി ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്താനാകുന്നില്ല. ഇതോടെ ടിക്കറ്റ് നേരത്തേ ബുക്കുചെയ്ത് കുറഞ്ഞ നിരക്ക് പ്രയോജനപ്പെടുത്താനുള്ള അവസരവും നഷ്ടമാകുന്നു.

Content Highlights: Saudi Arabia travel, visa ticket rate hike, travel news