റിയാദ്: സൗദി അറേബ്യയിലേക്കെത്തുന്ന കോവിഡ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഇളവ്. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് സൗദിയില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ട ആവശ്യമില്ല. 

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വാക്‌സിനെടുക്കാത്തവര്‍ ക്വാറന്റീന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കിയത് സഞ്ചാരികള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്.

രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ സൗദിയിലേക്ക് പറക്കുന്നതിന് ചുരുങ്ങിയത് 72 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മേയ് 20 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. 

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയില്‍ ഇതുവരെ 433094 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 7162 പേര്‍ മരണപ്പെട്ടു.

Content Highlights: Saudi Arabia removes quarantine rule for vaccinated foreign visitors