വിളപ്പില്‍ശാല: അവണാകുഴി സ്വദേശി അരുണിന്റെയും സംഘത്തിന്റെയും ശാസ്താംപാറയിലേക്കുള്ള വരവ് ലോക്ഡൗണിനുശേഷം ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ആദ്യ യാത്രയായിരുന്നു. കാഴ്ചയും അനുഭവവും നന്നായെന്ന് അരുണിന്റെ വാക്കുകള്‍.
ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ വികസിപ്പിച്ച ശാസ്താംപാറയിലേക്ക് ജില്ലയിലെ വിവിധ പ്രദേശത്തുനിന്നും ഇപ്പോള്‍ സഞ്ചാരികളെത്തുന്നുണ്ട്. ഒരുകോടി രൂപ ചെലവിട്ട് വിനോദസഞ്ചാരകേന്ദ്രം മോടിപിടിപ്പിക്കുന്ന ജോലിയും അവസാനഘട്ടത്തിലാണ്. പത്തുവര്‍ഷം മുന്‍പ് അരക്കോടി രൂപ ചെലവിട്ടു സ്ഥാപിച്ച വൈദ്യുതി വിളക്കുകളും വിശ്രമകേന്ദ്രവുമെല്ലാം പുതുക്കി ചുറ്റുമതില്‍ കെട്ടി. കെല്ലിന്റെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍.
കമ്പിവേലി സ്ഥാപിക്കുന്ന ജോലിയിപ്പോള്‍ അവസാന ഘട്ടത്തിലാണ്. വിളപ്പില്‍ശാലയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാസ്താംപാറയിലെത്താം. കിള്ളി മേച്ചിറ വഴിയും എത്താം. നെയ്യാര്‍ ഡാമിലേക്കുള്ള യാത്രയ്ക്കിടയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലാണ് ശാസ്താംപാറ വികസിപ്പിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി ശാസ്താംപാറയില്‍ സ്ഥാപിക്കുകയാണ്. ഇതുസംബന്ധിച്ച സാധ്യതാപഠനത്തിന് നിയമസഭാ യുവജനക്ഷേമ സമിതി ശാസ്താംപാറ സന്ദര്‍ശിച്ചു. അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡിലുള്‍പ്പെട്ട 13 ഏക്കര്‍ സ്ഥലത്താണ് അക്കാദമി സ്ഥാപിക്കുന്നത്. മൂങ്ങോട് മണലി ഭാഗത്ത് ഇതിനുള്ള ഭൂമി റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മനോഹര കാഴ്ചകള്‍
സമുദ്രനിരപ്പില്‍നിന്ന് 400 അടിയിലേറെ ഉയരമുണ്ട് ശാസ്താംപാറയ്ക്ക്. പാറയ്ക്കുമുകളില്‍ വറ്റാത്ത ചെറുകുളമുണ്ട്. മുകളില്‍ തലാപ്പാറ തമ്പുരാന്‍ ക്ഷേത്രവുമുണ്ട്. തലസ്ഥാന ജില്ലയുടെ കടലും കരയും ചേര്‍ന്ന മനോഹര കാഴ്ച ഇവിടെനിന്നുള്ള ദൃശ്യാനുഭവമാണ്.
കുട്ടികള്‍ക്കായി പാര്‍ക്കുണ്ട്. പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം. ഈ മാസം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ആലോചന. തുടര്‍ന്ന് സമയം കൂട്ടുകയും സന്ദര്‍ശകരെ പാസ് മൂലം നിയന്ത്രിക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം. അഡ്വഞ്ചര്‍ അക്കാദമിക്ക് ഒന്‍പതുകോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. റോക്ക് ക്ലൈംബിങ്, ഹൈ റോപ്പ് കോഴ്സ്, സിപ് ലൈന്‍, സ്‌കൈ സൈക്ലിങ്, പെയിന്റ് ബോള്‍, ഷൂട്ടിങ് ആര്‍ച്ചറി റേഞ്ച്, കൈറ്റ് ഫ്‌ളൈയിങ് എന്നിവയില്‍ പരിശീലനം നല്‍കും. ഇതിനാവശ്യമായ പഠനമുറികള്‍, പഠിതാക്കള്‍ക്കും പരിശീലകര്‍ക്കും ഹോസ്റ്റല്‍, മെഡിക്കല്‍ റൂം, സെമിനാര്‍ ഹാള്‍, യോഗ ഹാള്‍, പാര്‍ക്കിങ് ഏരിയ എന്നിവ ഒരുക്കും.
നാട് വികസിക്കും
ശാസ്താംപാറ വികസനം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമ്പോള്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നു. ഇതുവഴി നാടിന്റെ വികസനവും പഞ്ചായത്തിന്റെ വരുമാനവും വര്‍ധിക്കും. സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കാനുള്ള നടപടിയുണ്ടാകണം
- ബിന്ദു എസ്., പഞ്ചായത്ത് അംഗം.
സര്‍വേ ഇന്ന് തുടങ്ങും
സാഹസിക വിനോദസഞ്ചാരകേന്ദ്രമായി ശാസ്താംപാറ വികസിപ്പിക്കുന്നതിന്റെ ഭാഗമായ സര്‍വേ നടപടികള്‍ ബുധനാഴ്ച തുടങ്ങും. ശാസ്താംപാറയില്‍ ചരിഞ്ഞ പ്രതലത്തിലെ ഭൂസര്‍വേയായ കോണ്ടൂര്‍ സര്‍വേയുടെ നടപടിയാണ് തുടങ്ങുന്നത്. 2017-ല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. റവന്യൂ വകുപ്പു കണ്ടെത്തിയ സ്ഥലം കൈമാറുന്ന നടപടി അന്തിമഘട്ടത്തിലാണെന്നും 2021 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
- ഐ.ബി.സതീഷ് എം.എല്‍.എ.
പോലീസിന്റെ സാന്നിധ്യം വേണം
സന്ദര്‍ശകര്‍ക്ക് പോലീസിന്റെ സാന്നിധ്യവും സുരക്ഷയുമൊരുക്കണം. സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാനാണിത്. അത്യാവശ്യമാണ്.
- കെ.ശക്തിധരപണിക്കര്‍. സ്ഥലവാസി, കച്ചവടക്കാരന്‍
പത്തുവര്‍ഷമായി തുടരുന്ന ടൂറിസം
കഴിഞ്ഞ പത്തുവര്‍ഷമായി ശാസ്താംപാറ അംഗീകൃത വിനോദസഞ്ചാര കേന്ദ്രമായിട്ട്. അതിനു മുന്‍പു സന്ദര്‍ശകര്‍ വന്നിരുന്നെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു
- ശ്രീകണ്ഠന്‍, നാട്ടുകാരന്‍
സുരക്ഷിതത്വം വര്‍ധിപ്പിക്കണം
ശാസ്താംപാറ സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷിതത്വം വര്‍ധിപ്പിക്കണം. പ്രകൃതിയുടെ മനോഹര കാഴ്ചയ്ക്കുള്ള ഇടമായി വികസിപ്പിക്കണം
- അരുണ്‍, അവണാകുഴി,
നല്ല അനുഭവം
നല്ല അനുഭവമായിരുന്നു ശാസ്താംപാറയിലെ ആദ്യ സന്ദര്‍ശനം. പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ട് വീണ്ടും വരും.
- രതീഷ്, ബാലരാമപുരം
Content Highlights: Sasthampara, Tourists Destinations in Thiruvananthapuram, Village Tourism, Kerala Tourism, Travel News