ചിലപ്പോള്‍ അവിചാരിതമായി, മറ്റു ചിലപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ച് ഒക്കെയാണ് ഓരോരുത്തരും യാത്രകള്‍ ചെയ്യാന്‍ തുടങ്ങുന്നത്. ഒരു പേരോ മനസിനെ ആകര്‍ഷിക്കുന്ന കാഴ്ചയോ ആ സ്ഥലത്തേക്ക് എത്താന്‍ നമുക്ക് പ്രേരകമാകാറുണ്ട്. കൈലാസത്തെയും മാനസസരസിനെയും അക്ഷരകളിലൂടെ വായനക്കാര്‍ക്ക് മുന്നിലെത്തിച്ച യാത്രികന്‍ എം.കെ. രാമചന്ദ്രന്റെ മകന്‍ ശരത്ത് കൃഷ്ണന്റെ യാത്രകളുടെ തുടക്കം വായനയിലൂടെയാണ്. യാത്രികനായ അച്ഛന്റെ പാത പിന്തുടര്‍ന്നതിനൊപ്പം ഒരുകൂട്ടം പുസ്തകങ്ങളും അയാളുടെ യാത്രയ്ക്ക് ശക്തി പകര്‍ന്നു. ശരത്ത് ഒറ്റയ്ക്കായിരുന്നില്ല യാത്രകള്‍ ചെയ്തത്. അമ്മ ഗീതയും അയാളുടെ യാത്രകള്‍ക്ക് കൂട്ടായി വന്നു. ഹിമാലയത്തിലേക്കും സിംലയിലേക്കും മണാലിയിലേക്കുമെല്ലാം ശരത്ത് അമ്മയുടെ കൈപിടിച്ച് കേറി. 

വായനാദിനത്തില്‍ തന്റെ യാത്രകള്‍ക്ക് പ്രേരണയായിത്തീര്‍ന്നത് മാതൃഭൂമിയുടെ 'യാത്ര' മാസികയാണെന്ന് പറയുന്നു ശരത്ത്. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് ശരത്ത് ഇക്കാര്യം പറയുന്നത്. യാത്രകളെ ഇഷ്ടപ്പെടാനും കൂടുതല്‍ യാത്രകള്‍ ചെയ്യാനും കാരണമായിത്തീര്‍ന്നതില്‍ യാത്ര മാസികയ്ക്കുള്ള പങ്ക് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. മാസികയിലെ ചിത്രങ്ങളും സ്ഥലങ്ങളും കണ്ടാണ് യാത്ര ചെയ്യാനുള്ള ആഗ്രഹത്തെ ശരത്ത് വളര്‍ത്തിയെടുത്തത്. യാത്ര പോകുമെന്ന് പേടിച്ച് അമ്മ വീട്ടിലെത്തുന്ന മാഗസിന്‍ ഒളിപ്പിച്ചുവെക്കാറുണ്ടായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു ശരത്ത്. യാത്ര മാസികയുടെ തുടക്കം മുതലുള്ള എല്ലാ ലക്കങ്ങളും ശേഖരിച്ചുവെച്ചിട്ടുണ്ട് ശരത്ത്. വീഡിയോയില്‍ യാത്രയുടെ ഓരോ ലക്കങ്ങളും കാണാം. തൃശ്ശൂര്‍ ആണ് സ്വദേശം.

Content highlights : sarath krishan and mother geetha video about travelling in yatra magazine