ഴിഞ്ഞദിവസം അന്തരിച്ച ലോകസഞ്ചാരി ബാലാജി എന്ന വിജയനെ അനുസ്മരിച്ച് സന്തോഷ് ജോർജ് കുളങ്ങര. താനല്ല അദ്ദേഹമാണ് യഥാർത്ഥ സഞ്ചാരിയെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ലോകം കാണാനുള്ള ആ​ഗ്രഹം ഒന്നുകൊണ്ട് മാത്രം ഏത് തൊഴിൽ ചെയ്തിട്ടും എത്ര വരുമാനം കുറഞ്ഞ ജീവിതസാഹചര്യമായിട്ടും 26 രാജ്യങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. നമ്മുടെ ന്യായീകരണങ്ങൾക്കൊക്കെയുള്ള മറുപടിയാണിതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നിങ്ങളെപ്പോലെ യാത്ര ചെയ്യാനുള്ള ഭാ​ഗ്യമോ പണമോ സമയമോ ഉണ്ടായില്ലെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. എത്രയോ ഭേദപ്പെട്ട നിലയിൽ  ജീവിക്കുന്നവർ പോലും യാത്ര ചെയ്യാനും ലോകം കാണാനും കഴിയാത്തതിന് ന്യായം കണ്ടുപിടിക്കുന്ന കാലത്താണ് അദ്ദേഹം ലോകം കാണണമെന്ന ഇച്ഛാശക്തിയോടെ യാത്രയാരംഭിച്ചത്. ഒരു ടെലിവിഷൻ പരിപാടിക്ക് വേണ്ടിയാണ് ഞാൻ യാത്ര ചെയ്യുന്നത്. പക്ഷേ അറിയുക, നമ്മൾ ജീവിച്ച ഈ ഭൂമിയെ അനുഭവിക്കുക, അവസാനത്തെ മടക്കയാത്രയ്ക്ക് മുമ്പ് ഈ ഭൂമിയിൽ കാണാൻ കഴിയുന്ന പരമാവധി കാഴ്ചകളിലേക്ക് പോവുക എന്ന ദൃഢനിശ്ചയത്തോടെ ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ ഭാര്യയേും കൂട്ടി യാത്ര ചെയ്തെങ്കിൽ അത് തന്നെയല്ലേ യഥാർത്ഥ സഞ്ചാരി എന്നും സന്തോഷ് ജോർജ് കുളങ്ങര ചോദിച്ചു.

അദ്ദേഹത്തിന്റെ ആ യാത്ര ലക്ഷക്കണക്കിന് മലയാളികൾക്ക് വലിയൊരു പ്രചോദനമാണ്. അത്തരം അപൂർവവ്യക്തികളെ നമ്മൾ കണ്ടെത്തിയെന്നിരിക്കും. കേരളത്തിൽ അങ്ങനെയൊരാളുണ്ടായി എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഏതാണെന്ന് നമ്മൾ തീരുമാനിച്ചാൽ അതിനെ മാറ്റിവെക്കാവുന്ന ന്യായീകരണങ്ങൾ കണ്ടെത്താമെങ്കിലും യഥാർത്ഥത്തിൽ അത് നിങ്ങളുടെ പാഷൻ ആണെങ്കിൽ അത് സാധിക്കുക തന്നെ ചെയ്യും. ഏറ്റവും അസാധ്യമെന്ന് കരുതുന്ന കാര്യമാണെങ്കിൽപ്പോലും അതിന് സാധിക്കുമെന്ന് എത്രയോ പേർ തെളിയിച്ചിരിക്കുന്നു. അതിന് നമ്മുടെ നാട്ടിൽ നിന്നുള്ള എളിയ മനുഷ്യനിൽ നിന്നും വളർന്ന ഒരാളാണ് വിജയൻ ചേട്ടൻ.

സാധാരണ ജീവിതത്തിൽ ബഹുഭൂരിപക്ഷം ആളുകളും പോകാതിരിക്കാൻ കാരണങ്ങൾ തേടിപ്പിടിക്കുന്നവരാണ്. പോകാൻ എന്തൊക്കെ കാരണങ്ങളും സാധ്യതകളുമുണ്ടെന്നാണ് വിജയൻ ചേട്ടനേപ്പോലുള്ളവർ തേടുന്നത്. അതിന് സാമ്പത്തികമായ പശ്ചാത്തലമോ വിദ്യാഭ്യാസമോ ഒന്നുമല്ല അതിനുള്ള സാഹചര്യമൊരുക്കുന്നതെന്നാണ് ഇദ്ദേഹത്തേപ്പോലുള്ളവർ പഠിപ്പിക്കുന്നത്. ഇതേവരെ യാത്ര ചെയ്ത ഒരുമനുഷ്യരും ഭാഷ അറിയാത്തതിന്റെയോ ഭക്ഷണം കിട്ടാത്തതിന്റെയോ പേരിൽ അപകടത്തിൽപ്പെട്ടതായി ഒരു വാർത്തപോലും ആരും വായിച്ചിട്ടുണ്ടാവില്ല. അക്ഷരങ്ങളിലുള്ള ഭാഷയല്ലാതെ മനുഷ്യന് മനുഷ്യനോട് സംസാരിക്കാൻ എന്തെല്ലാം ഭാഷകളുണ്ട്. ഒരു പുഞ്ചിരി പോലും ഭാഷയാണ്. കേരളത്തിലെ സഞ്ചാരികളായുള്ള ഇപ്പോഴുള്ളവർക്ക് മാതൃകയായി, എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അതിനുള്ള ഏറ്റവും നല്ല മറുപടിയാണ് വിജയൻ ചേട്ടനെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Santhosh George Kulangara about world traveler Vijayan, Mohana and Vijayan, traveling couple