മൈസൂരു: ചന്ദനത്തിന്റെ സുഗന്ധംപൊഴിക്കുന്ന മൈസൂര്‍ സാന്‍ഡല്‍ സോപ്പിനും ചന്ദനത്തിരികള്‍ക്കും ചന്ദനത്തൈലത്തിനും പേരുകേട്ട മൈസൂരുവില്‍ ചന്ദനമരങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കി പുതിയ മ്യൂസിയം വരുന്നു. ചന്ദനത്തിന്റേതായി ഇന്ത്യയില്‍ സ്ഥാപിക്കുന്ന ആദ്യത്തെ മ്യൂസിയമാണു പ്രവര്‍ത്തനം തുടങ്ങുന്നത്.

സുഗന്ധം പൊഴിച്ച് ആരെയും ആകര്‍ഷിക്കുന്ന ചന്ദനത്തടികളുടെയും അവകൊണ്ടുള്ള ഉത്പന്നങ്ങളുടെയും വൈവിധ്യമാര്‍ന്ന ശേഖരങ്ങളുമായാണ് മൈസൂരുവില്‍ മ്യൂസിയം ഒരുങ്ങുന്നത്. ചന്ദനമരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതു സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പ്രദാനം ചെയ്യുന്നതാകും മ്യൂസിയം. വനംവകുപ്പാണ് ഇത് സ്ഥാപിക്കുന്നത്.

നഗരത്തിലെ അശോകപുരത്ത് വനംവകുപ്പിന്റെ ആസ്ഥാനമായ ആരണ്യഭവനിലാണ് ഇപ്പോള്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നതെങ്കിലും ഇത് മൈസൂരു കൊട്ടാരവളപ്പിലേക്കു മാറ്റിയേക്കും. സഞ്ചാരികള്‍ ഏറെയെത്തുന്ന കൊട്ടാരപരിസരത്തായാല്‍ മ്യൂസിയത്തിലും ധാരാളം സഞ്ചാരികള്‍ വരുമെന്ന പ്രതീക്ഷയിലാണിത്. കൂടുതല്‍ വിശാലമായ സ്ഥലത്തു മ്യൂസിയമൊരുക്കാനും ലക്ഷ്യമിടുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

ആരണ്യഭവനില്‍ 18 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം ഒരുക്കുന്നത്. 17 മീറ്റര്‍ നീളവും എട്ടുമീറ്റര്‍ വീതിയുമുള്ള സ്ഥലമാണ് ഇതിനായി വിനിയോഗിച്ചിരിക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസംതന്നെ ഇതിന്റെ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തിനു മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എത്തുമെന്ന് അറിയിച്ചതായി മന്ത്രി എസ്.ടി. സോമശേഖര്‍ പറഞ്ഞു.

ചന്ദനമരങ്ങളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ലക്ഷ്യമിട്ട് ഒരു മിനി തിയേറ്റര്‍ മ്യൂസിയത്തിന്റെ ഭാഗമായി ഒരുക്കുമെന്നു മന്ത്രി അറിയിച്ചു. ചന്ദനവുമായി ബന്ധപ്പെട്ട ഓഡിയോ വിവരണം മ്യൂസിയത്തില്‍ ഏര്‍പ്പെടുത്തും. ചന്ദനമുട്ടികളും ചന്ദനപ്പൊടികളും ചന്ദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതിയ പോസ്റ്ററുകളും ചന്ദന ശില്പങ്ങളുടെ ത്രിമാന പ്രദര്‍ശനവും മ്യൂസിയത്തിന്റെ ഭാഗമായുണ്ടാകുമെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Sandalwood Museum, Mysore, Karnataka Forest Department, Karnataka Tourism