അഭിലാഷ് ടോമി | Photo: AFP
ബേപ്പൂര്‍ ഫെസ്റ്റിലെ വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ മുഖ്യ ആകര്‍ഷണമായി പായ്‌വഞ്ചിയോട്ട മത്സരം. അഞ്ച് ദിവസം നീളുന്ന ജലമേള ബേപ്പൂര്‍ മറീന ബീച്ചിലാണ് നടക്കുക. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 27, 28 തിയതികളിലാണ് പായ്‌വഞ്ചിയോട്ട മത്സരം നടക്കുക. 27ന് രാവിലെ 10.30 ന് മത്സരം ആരഭിക്കും. ഇന്ത്യന്‍ നേവി റിട്ട. കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് ഇവന്റ് ക്യൂറേറ്റര്‍. ഈ വര്‍ഷത്തെ മത്സരത്തിന് കൊഴുപ്പ് കൂട്ടാന്‍ പ്രമുഖ ഇന്ത്യന്‍ സെയിലിങ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ശ്വേത ഷെര്‍വെഗര്‍ പരിശീലിപ്പിച്ച 15 ഓളം പെണ്‍കുട്ടികളുമെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെയും കാരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെയും ഹൈസ്‌ക്കൂള്‍- പ്ലസ്ടു വിഭാഗങ്ങളിലെ 30 പെണ്‍കുട്ടികളെയാണ് ശ്വേത സെയിലിങ് പരിശീലിപ്പിച്ചത്. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം. ഇവരില്‍ 15 പേരാണ് ഇത്തവണ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.
ഈ വര്‍ഷം ഇരുപതിലധികം സെയിലിങ് ബോട്ടുകളാണ് മല്‍സരത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. കഴിഞ്ഞ തവണ 15 വയസ്സില്‍ താഴെയുള്ളവര്‍ക്കായി ഒപ്റ്റിമിസ്റ്റ്, 18 വയസ്സിന് താഴെയുള്ളവര്‍ക്കായി ടോപ്പര്‍ ക്ലാസ് വിഭാഗങ്ങളിലായിരുന്നു മത്സരം. ഇത്തവണ മുതിര്‍ന്നവര്‍ക്കായി ലേസര്‍ 2 വിഭാഗത്തിലുള്ള മല്‍സരവും നടത്തും. ഓരോ വിഭാഗത്തിലും മൂന്ന് മത്സരങ്ങള്‍ വീതമാണ് ഉണ്ടാവുക. വരും വര്‍ഷങ്ങളില്‍ വലിയ സെയില്‍ ബോട്ടുകള്‍ മല്‍സരത്തിനായി എത്തിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരം നടത്താനാണ് ആലോചിക്കുന്നത്.
ഇന്റര്‍നാഷണല്‍ ടോപ്പര്‍ ക്ലാസ് അസോസിയേഷന്റെയും യോട്ടിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും അംഗങ്ങളാണ് പായ്‌വഞ്ചിയോട്ട മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തുന്നതെന്നും കൗഷിക്ക് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ഏകദേശം 50 ആളുകള്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഒപ്റ്റിമിസ്റ്റ്, ടോപ്പര്‍ ക്ലാസ് എന്നീ വിഭാഗങ്ങളിലായി നടത്തിയിരുന്ന പായ്വഞ്ചിയോട്ട മത്സരത്തില്‍ 18 ആളുകളാണ് പങ്കെടുത്തിരുന്നത്.
രണ്ടാമത് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബര്‍ 24 മുതല്‍ 28 വരെയാണ് നടക്കുക. പായ്‌വഞ്ചിയോട്ട മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 27 ന് രാവിലെ 10 മണി വരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400893112, 9778266141 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Content Highlights: sailing race beypore fest water sports abhilash tomy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..