സ്പേസ് ടൂറിസത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് റഷ്യ. ഇതിന്റെ ഭാ​ഗമായി ജപ്പാൻ സ്വദേശിയായ ശതകോടീശ്വരൻ യുസാകു മെസാവയെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്കയക്കാനൊരുങ്ങുകയാണ് രാജ്യം. ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് തരം​ഗമായിക്കൊണ്ടിരിക്കുന്ന സ്പേസ് ടൂറിസത്തിലേക്ക് ശക്തമായ സാന്നിധ്യമാവാൻ റഷ്യ തയ്യാറെടുക്കുന്നത്. ബുധനാഴ്ച കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് സഹായി യോസോ ഹിറാനയ്ക്കൊപ്പം മൊസാവ യാത്ര തിരിക്കും.

ജാപ്പനീസ് പതാകയും മെസാവയുടെ പേരിനെ സൂചിപ്പിക്കുന്ന "MZ" ലോ​ഗോയുമുള്ള സോയൂസ് പേടകം ഞായറാഴ്ച ലോഞ്ച് പാഡിലേക്ക് മാറ്റി. ഒക്ടോബറിൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് ബഹിരാകാശത്തിൽ വെച്ച് സിനിമ ചിത്രീകരിക്കുന്നതിനായി നടി യൂലിയ പെരെസിൽഡിനെയും സംവിധായകൻ ക്ലിം ഷിപെങ്കോയെയും അയച്ചിരുന്നു. ഹോളിവുഡിനെ വെല്ലുവിളിച്ച് പൂർണമായും ബഹിരാകാശത്ത് ചിത്രീകരിക്കുന്ന സിനിമ എന്ന ഖ്യാതി സ്വന്തമാക്കാൻ കൂടിയായിരുന്നു ഈ നീക്കം.

കഴിഞ്ഞ വർഷമാണ് അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്ക് തന്റെ സ്പേസ് എക്സിൽ യാത്ര ചെയ്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിൽ റഷ്യയുടെ കുത്തക തകർത്ത സംഭവം കൂടിയായിരുന്നു ഇത്. ഇത്തരം വെല്ലുവിളികളിൽ നിന്ന് പുറത്തുകടക്കുക എന്ന ലക്ഷ്യവും മെസാവയെ സ്പേസ് സ്റ്റേഷനിലേക്കയക്കുന്നതിന് പിന്നിലുണ്ട്.

44-കാരനായ അലക്സാണ്ടർ മിസുർകിൻ ആണ് മൂന്ന് സീറ്റുകളുള്ള സോയൂസ് പേടകത്തിന്റെ പൈലറ്റ്. ഇതിനകം രണ്ട് സ്പേസ് സ്റ്റേഷൻ ദൗത്യങ്ങളിൽ പങ്കെടുത്ത ആളാണ് മിസുർകിൻ. 12 ദിവസമാണ് മെസാവയും ഹിറാനയും സ്പേസ് സ്റ്റേഷനിൽ ചെലവഴിക്കുക. തന്റെ യൂട്യൂബ് ചാനലിലൂടെ മെസാവ യാത്രാ വിശേഷങ്ങൾ പങ്കുവെയ്ക്കും. മോസ്കോയ്ക്ക് പുറത്തുള്ള സ്റ്റാർ സിറ്റിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മെസാവയും സഹായിയും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. 

സ്പിന്നിങ് കസേരയിലെ പരിശീലനം അത്രയും കഠിനമായിരുന്നു എന്നാണ് നവംബറിൽ മെസാവ ട്വീറ്റ് ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ സ്പേസ് അഡ്വഞ്ചേഴ്സുമായിച്ചേർന്ന് ഏഴ് സഞ്ചാരികളേയാണ് റഷ്യ ഇതുവരെ  ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ളത്. റഷ്യ അയയ്ക്കുന്ന ആദ്യ ജപ്പാനീസ് സഞ്ചാരികളാണ് മെയ്‌സാവയും ഹിറാനോയും.

Content Highlights: Space Tourism, Russia to send Japanese tycoon to ISS, Yusaku Maesawa