കൊല്ലം: സംസ്ഥാനത്ത് ഉത്തരവാദിത്വ ടൂറിസം മിഷന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ടൂറിസം വകുപ്പിന്റെ ചുമതലയിലാണിത്. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും റെസ്‌പോണ്‍സിബിള്‍ ടൂറിസം സെല്ലുകള്‍ രൂപവത്കരിക്കും.

സ്റ്റേറ്റ് മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ കീഴില്‍ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രത്യേകം മേധാവികളെ നിയമിക്കും. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുമുണ്ടാവും. പ്രതിവര്‍ഷം 2.19 കോടിരൂപ മിഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമീപനമാണ് ഉത്തരവാദിത്വ ടൂറിസത്തിനുള്ളത്. കുമരകം, തേക്കടി, കോവളം, വൈത്തിരി എന്നിവിടങ്ങളില്‍ 2008ല്‍ ആരംഭിച്ച പദ്ധതി കുമ്പളങ്ങി, അമ്പലവയല്‍, ബേക്കല്‍ എന്നിവിടങ്ങളിലേക്ക് പിന്നീട് വ്യാപിപ്പിച്ചു. തദ്ദേശീയരായ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയ കുമരകം മോഡല്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് മിഷന് രൂപം കൊടുക്കുന്നത്.

ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമാണ് ശ്രമം. പ്രാദേശിക കരകൗശല വ്യവസായം, മത്സ്യക്കൃഷി, ജൈവകൃഷി, നാടന്‍ഭക്ഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും അവ ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്രദമാക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്‌ളാസ്റ്റിക് വിമുക്തവും മലിനീകരണ രഹിതവുമായുള്ള പരിസ്ഥിതിസൗഹൃദ പരിസരം സൃഷ്ടിക്കുകയും ചെയ്യും.

ഇപ്പോള്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ(കിറ്റ്‌സ്) നേതൃത്വത്തിലാണ് ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രാദേശികജനത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, വിനോദസഞ്ചാര വ്യാപാരം എന്നിവയുമായി ചേര്‍ന്നുള്ള ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ ഇനി മിഷന്റെ ചുമതലയിലാവും. ഇത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുള്ള പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടൂറിസം സ്‌കൂള്‍ കിറ്റ്‌സിന്റെ ചുമതലയില്‍ തുടരും.

സാമൂഹ്യതലത്തിലുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ടൂറിസംവ്യാപാരം സുഗമമാക്കുക, ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രയോജനങ്ങള്‍ പ്രാദേശികജനതയ്ക്ക് ലഭ്യമാക്കുക തുടങ്ങിയവയാണ് മിഷന്റെ ചുമതല.