പുഷ്പമേള കാണാനെത്തിയ കുട്ടികൾ | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ബെംഗളൂരു ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പുഷ്പമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമായി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബെംഗളൂരുവിന്റെ 1500 വര്‍ഷത്തെ ചരിത്രമാണ് ഇത്തവണ പുഷ്പമേളയുടെ പ്രമേയം. ഗ്ലാസ് ഹൗസിനുള്ളില്‍ നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശില്പങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിച്ച അപൂര്‍വയിനത്തില്‍പ്പെട്ട പൂക്കളും മേളയുടെ പ്രധാനാകര്‍ഷണമാണ്. പത്തുദിവസത്തെ പുഷ്പമേളയില്‍ 12 ലക്ഷത്തോളം പേരെത്തുമെന്നാണ് സംഘാടകരായ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ പ്രതീക്ഷ. 30-ന് മേള സമാപിക്കും.
പുഷ്പമേളയുടെ 213-ാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. ബെംഗളൂരുവിന് പുറമേ മറ്റ് ജില്ലകളില്‍നിന്നും കേരളമുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പുഷ്പമേള ആസ്വദിക്കാന്‍ സഞ്ചാരികളെത്താറുണ്ട്.
മുതിര്‍ന്നവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ 75 രൂപയും മറ്റ് ദിവസങ്ങളില്‍ 70 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ദിവസങ്ങളിലും 30 രൂപയാണ് നിരക്ക്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടെങ്കില്‍ സൗജന്യ പ്രവേശനം അനുവദിക്കും.
ചരിത്രമറിയാന്‍ ക്യു.ആര്. കോഡും
:ബെംഗളൂരുവിന്റെ ചരിത്രമറിയാന്‍ ലാല്‍ബാഗിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ക്യു.ആര്. കോഡുകള്‍ സ്കാന്‍ ചെയ്താല്‍ മതി.
നഗരത്തിലെ പ്രധാന ചരിത്രസംഭവങ്ങളും ചരിത്രനിര്മിതികളെക്കുറിച്ചുള്ള വിവരണവുമെല്ലാം വീഡിയോയായി കാണാം. രണ്ടു വലിയ സ്ക്രീനുകളും ഇവിടെയൊരുക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും ഈ സ്ക്രീനുകളില്‍ നഗരത്തിന്റെ ചരിത്രവിവരണമുണ്ടാകും. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിതിക് സൊസൈറ്റിയെന്ന സന്നദ്ധസംഘടനയുമായി ചേര്‍ന്നാണ് ഈ സംവിധാനങ്ങള്‍ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ശിലാലിഖിതം മുതല്‍ നാണയങ്ങള്‍ വരെ
: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ പകര്‍പ്പുകളും ആദ്യകാലത്ത് ബെംഗളൂരു ഉള്‍പ്പെടുന്ന മൈസൂരു സ്റ്റേറ്റില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളുമെല്ലാം ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗ്ലാസ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ബേഗൂരില്നിന്ന് കണ്ടെത്തിയ ശിലാലിഖിതത്തിന്റെ പകര്‍പ്പാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ഒട്ടേറെ പേരാണ് ശിലാലിഖിത മാതൃക കാണാനെത്തിയത്. പുഷ്പങ്ങള്‍കൊണ്ട് നിര്‍മിച്ച വിധാനസൗധ, നന്ദിക്ഷേത്രം, ഹൈക്കോടതികെട്ടിടം തുടങ്ങിയവയാണ് പ്രധാനാകര്‍ഷണങ്ങള്‍.
Content Highlights: republic day flower show began in lalbag inaugrated by chief minister basavaraj bomme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..