ല്പറ്റ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ചൊവ്വാഴ്ചമുതല്‍ വീണ്ടും സഞ്ചാരികളെ വരവേറ്റുതുടങ്ങും. കരുതലോടെ കാഴ്ചകള്‍ കാണാനുള്ള സൗകര്യമാണ് ഡി.ടി.പി.സി. ഒരുക്കിയിരിക്കുന്നത്. കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് തുറക്കുക. രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെയാണ് സമയം.

കുറുവാദ്വീപില്‍ നിലവില്‍ ചങ്ങാടസവാരി മാത്രമാണുള്ളത്. വെള്ളം കൂടുതലായതിനാലാണ് കുറുവാദ്വീപ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാത്തത്. നവീകരണപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാലാണ് പൂക്കോട് തടാകം തുറക്കാത്തത്. തുറസ്സായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മാത്രം തുറന്നാല്‍ മതിയെന്ന തീരുമാനമുള്ളതിനാലാണ് ഹെറിറ്റേജ് മ്യൂസിയവും തുറക്കാത്തത്.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. എണ്ണം പരിമിതപ്പെടുത്തിയിട്ടില്ലെങ്കിലും ആള്‍ക്കൂട്ടമൊഴിവാക്കിയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതടക്കമുള്ള നടപടികള്‍ കേന്ദ്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. കൈകള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുറക്കുന്നതിന് മുന്നോടിയായി വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ ആദ്യഡോസ്, രണ്ടാം ഡോസ് പ്രതിരോധവാക്‌സിന്‍ എടുത്ത ജീവനക്കാരുടെ എണ്ണം, കോവിഡ് വന്നുപോയ ജീവനക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങളും പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

wayanad
ബാണാസുര സാഗറില്‍ ബോട്ട് ഓടിച്ചുനോക്കുന്ന ജീവനക്കാര്‍

ബാണാസുരസാഗര്‍ തുറന്നു; കോവിഡ് കരുതലില്‍ മഴക്കാഴ്ചകള്‍

പടിഞ്ഞാറത്തറ: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിച്ചത്. അറുന്നൂറിലധികം സഞ്ചാരികളാണ് ആദ്യദിവസമായ തിങ്കളാഴ്ച എത്തിയത്.

സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചവര്‍ക്ക് മാത്രമായിരുന്നു അണക്കെട്ട് പരിസരത്തേക്ക് പ്രവേശന അനുമതിയുണ്ടായിരുന്നത്. കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കോ ഒരു മാസം മുമ്പ് കോവിഡ് ബാധിച്ച് അസുഖം ഭേദമായി സര്‍ട്ടിഫിക്കറ്റ് കൈയിലുള്ളവര്‍ക്കോ പ്രവേശനം അനുവദിച്ചിരുന്നു.

72 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ പ്രവേശിക്കാം. ഈ നിബന്ധനകള്‍ പാലിക്കുന്ന മുതിര്‍ന്നവര്‍ക്കൊപ്പം എത്തുന്ന കുട്ടികളെയും പ്രവേശിപ്പിച്ചിരുന്നു.

Content highlights : reopen tourist destinations in kerala and attract wayanad destinations