ശ്രീനഗര്‍: കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സഞ്ചാരിപ്രളയത്തില്‍ കശ്മീര്‍. ഈ വര്‍ഷം നവംബറില്‍ 1,27,605 വിനോദ സഞ്ചാരികളാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. 2020 നവംബറില്‍ ഇത് 6327 പേരായിരുന്നു. സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് വിവിധ ശൈത്യകാല ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

Chinar Tree
ഓറഞ്ച് നിറമുള്ള ഇലകള്‍ നിറഞ്ഞ ചിനാര്‍ മരം, ദാല്‍ തടാകത്തിനരികെ നിന്നുള്ള കാഴ്ച | ഫോട്ടോ: എ.എന്‍.ഐ

ലെഫ്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഹൗസ് ബോട്ട് ഫെസ്റ്റിവല്‍, സൂഫി ഫെസ്റ്റിവല്‍ തുടങ്ങിയവ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തിയെന്ന് കശ്മീര്‍ ടൂറിസം ഡയറക്ടര്‍ ഡോ. ജി.എന്‍ ഇട്ടൂ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത്തരം ഉത്സവങ്ങള്‍ ലോകമെമ്പാടുമുള്ള സഞ്ചാരികളെ കശ്മീരിലേക്ക് ആകര്‍ഷിച്ചു. ഒക്ടോബറില്‍ 93,000 സഞ്ചാരികളെത്തിയെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള റോഡ് ഷോകള്‍ പോലുള്ള ക്യാമ്പയിനുകള്‍ നടത്തിയതിന്റെ ഫലമാണ് ഇപ്പോഴുണ്ടായതെന്നും ഇട്ടൂ കൂട്ടിച്ചേര്‍ത്തു.

Dal Lake
ദാല്‍ തടാകത്തിലെ ശിക്കാര യാത്ര ആസ്വദിക്കുന്ന സഞ്ചാരികള്‍ | ഫോട്ടോ: എ.എന്‍.ഐ

ശൈത്യകാലത്തെ സഞ്ചാരികളുടെ വരവ് പരിഗണിച്ച് ഈ മാസം 11-ന് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പര്‍വത ദിനവും ക്രിസ്മസും പുതുവര്‍ഷവും വിപുലമായ രീതിയില്‍ത്തന്നെ ആഘോഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ അവസരങ്ങളില്‍ ഇനിയും സഞ്ചാരികളെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

Content Highlights: Kashmir tourism, record number of tourists visited Kashmir, Kashmir house boat festival