മുംബൈ: കോവിഡ് വ്യാപനംകാരണം കടുത്ത പ്രതിസന്ധി നേരിടുന്ന ടൂറിസം, ഹോട്ടല്‍, റസ്റ്റോറന്റ് ഉള്‍പ്പെടെയുള്ള മേഖലകളെ സഹായിക്കാന്‍ ആര്‍.ബി.ഐ. 15,000 കോടി രൂപയുടെ വായ്പാ പാക്കേജ് പ്രഖ്യാപിച്ചു. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍, കാര്‍ വര്‍ക്‌ഷോപ്പുകള്‍, കാര്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭങ്ങള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്പാ, ബ്യൂട്ടിപാര്‍ലര്‍ / സലൂണ്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് പോലുള്ള വ്യോമയാന മേഖലയിലെ സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളിലെ സംരംഭകര്‍ക്കാകും വായ്പ ലഭിക്കുക.

ഇതിനായി ബാങ്കുകള്‍ക്ക് മൂന്നു വര്‍ഷക്കാലയളവില്‍ റിപ്പോ നിരക്കായ നാലു ശതമാനത്തില്‍ ആര്‍.ബി.ഐ. പണം ലഭ്യമാക്കും. ഈ മേഖലകളില്‍ പണലഭ്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷത്തെ കാലാവധിയില്‍ 2022 മാര്‍ച്ച് 31 വരെ ഈ പദ്ധതിയില്‍ വായ്പ ലഭിക്കും. ഇങ്ങനെ നല്‍കുന്ന വായ്പകള്‍ക്ക് തുല്യമായി അധികതുക റിവേഴ്‌സ് റിപ്പോ വിഭാഗത്തില്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുമ്പോള്‍ ഇന്‍സെന്റീവ് എന്ന നിലയില്‍ അധികപലിശ നല്‍കും. റിപ്പോ നിരക്കില്‍നിന്ന് കാല്‍ ശതമാനം താഴ്ന്ന നിരക്കിലാകും പലിശ.

സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ.) പണലഭ്യത ഉറപ്പാക്കാനായി സിഡ്ബിക്ക് 16,000 കോടി രൂപകൂടി ലഭ്യമാക്കും. ഒരു വര്‍ഷത്തേക്ക് റിപ്പോ നിരക്കിലായിരിക്കും ഈ ഫണ്ട് നല്‍കുക. ഈ ഫണ്ടിന്റെ വിനിയോഗം വിലയിരുത്തി ആവശ്യമെങ്കില്‍ സമയം നീട്ടുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.

2021 മാര്‍ച്ച് 31 വരെ 25 കോടി രൂപവരെ വായ്പക്കുടിശ്ശിക വരുത്തിയിട്ടുള്ളതും മുമ്പ് വായ്പാ പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമല്ലാത്തതുമായ എം.എസ്.എം.ഇ., ഇതര ചെറുകിട സംരംഭങ്ങളുടെയും വായ്പകളും വ്യക്തിഗത വായ്പകളും പുനഃക്രമീകരിക്കാന്‍ നേരത്തേ ആര്‍.ബി.ഐ. പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിലെ കുടിശ്ശികയുടെ പരിധി 50 കോടിയായി ഉയര്‍ത്തി.

Content Highlights: RBI introduce 15000 crore package for tourism