വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ പോലീസുകാരൻ രതീഷ് രാജൻ എടുത്ത ഫോട്ടോയെക്കാൾ വൈറലാകുകയാണ് ഇൻസ്റ്റഗ്രാം റീൽ. തെങ്ങിൻ മുകളിൽ ഉടുമ്പും എരണ്ടയും തമ്മിലുള്ള ഫൈറ്റായിരുന്നു രംഗം. പകർത്തിയ ഫോട്ടോയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചതോടെയാണ്‌ ചിത്രീകരണ സമയത്ത് മൊബൈലിൽ പകർത്തിയ വീഡിയോ കൂടി ഇൻസ്റ്റഗ്രാമിൽ റീലായി ഇടാൻ രതീഷിനു തോന്നിയത്. അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ആ വീഡിയോ കണ്ടത് എട്ട് കോടിയിലേറെ പേരാണ്.

ഉടുമ്പും എരണ്ടയും തമ്മിലുള്ള ഫൈറ്റ് തുടങ്ങുന്ന സമയത്ത് രതീഷിന്റെ പ്രൊഫഷണൽ ക്യാമറ ഭാര്യയുടെ വീട്ടിലായിരുന്നു. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ്‌ ക്യാമറ എത്തിക്കുന്നത്. സുഹൃത്ത് ക്യാമറയുമായി എത്തുംവരെയുള്ള സമയം രതീഷ് മൊബൈൽ ഫോണിൽ വീഡിയോയിൽ ഫൈറ്റ് പകർത്തി. ഇതാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

കേരള വനം വകുപ്പ് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരത്തിൽ ഫോട്ടോ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മത്സരത്തിൽ സമ്മാനത്തിനും അർഹനായി രതീഷ്. കൊച്ചി സിറ്റി പോലീസ് ഡി.എച്ച്.ക്യുവിലെ ഉദ്യോഗസ്ഥനായ രതീഷ് ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാ ചുമതലയാണ് വഹിക്കുന്നത്. ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിയാണ്.

Content Highlights: Ratheesh Rajan, viral instagram reel, Most viral Reel on Instagram