റാസല്‍ഖൈമ: ഗള്‍ഫ് സഹകരണകൗണ്‍സിലിന്റെ ടൂറിസം മന്ത്രിമാരുടെ അഞ്ചാംവാര്‍ഷികയോഗത്തില്‍ 2021-ലെ ഗള്‍ഫ് ടൂറിസം കാപിറ്റലായി റാസല്‍ഖൈമയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് റാസല്‍ഖൈമ ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുന്നത്. സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് റാസല്‍ഖൈമ ഈ സ്ഥാനത്തിന് അര്‍ഹത നേടിയത്.

ടൂറിസംമേഖലയിലെ ഗള്‍ഫ് സംയോജനത്തെക്കുറിച്ചും വെര്‍ച്വല്‍ മീറ്റിങ് ചര്‍ച്ചചെയ്തു. ലോകോത്തര ആകര്‍ഷണങ്ങളുള്ള ഏറ്റവും വൈവിധ്യമാര്‍ന്ന എമിറേറ്റുകളിലൊന്നായാണ് റാസല്‍ഖൈമയെ കണക്കാക്കുന്നത്. ആഗോള ടൂറിസംഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇത് സഹായകമായി. ബ്യൂറോ വെരിറ്റാസില്‍നിന്നുള്ള സേഫ്ഗാര്‍ഡ് അഷ്വറന്‍സ് ലേബല്‍, വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ സേഫ് ട്രാവല്‍സ് സ്റ്റാമ്പ് എന്നിവലഭിച്ച ലോകത്തിലെ ആദ്യനഗരവും എമിറേറ്റുമാണ് റാസല്‍ഖൈമ. 

ഈവര്‍ഷം അവസാനംവരെ എമിറേറ്റിലെ വിദേശസന്ദര്‍ശകര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നല്‍കുന്നതും ടൂറിസം ഭൂപടത്തിലെ സുരക്ഷിത ലക്ഷ്യസ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ ബിയര്‍ ഗ്രില്‍സ് എക്‌സ്പ്ലോറര്‍ ക്യാമ്പ് സൗകര്യങ്ങളും യു.എ.ഇ.യില്‍ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റും റാസല്‍ഖൈമയിലാണ്. 

കൂടാതെ എമിറേറ്റിലെ ജുല്‍ഫാര്‍, ജാസിറാ അല്‍ ഹമ്ര, ശിമാല്‍, ദയാ എന്നിവ നാല് പ്രധാന ലോക പൈതൃക സൈറ്റുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് അധികൃതര്‍ അറിയിച്ചു.

Content Highlights: Ras Al Khaima Tourism, UAE Tourism, Travel News